Monday, November 25, 2024

പുൽക്കൂട്ടിലെ രൂപങ്ങൾ മാറ്റിയ സംഭവം വിരൽ ചൂണ്ടുന്നത് മതതീവ്രവാദത്തിലേയ്ക്ക്?

കാസർകോട് ജില്ലയിലെ മൂളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുൽക്കൂട്ടിൽനിന്നും രൂപങ്ങൾ മാറ്റിയ നടന്ന സംഭവം തീർത്തും നിർഭാഗ്യകരമാണ്. സംഭവം നടന്നത് ഇങ്ങനെയാണ്. അവിടുത്തെ ക്രിസ്മസ്സ് ആഘോഷത്തിൻ്റെ ഭാഗമായി അവർ ഒരു പുൽക്കൂട് ഉണ്ടാക്കുന്നു. അതിനുള്ളിൽ ഉണ്ടായിരുന്ന രൂപങ്ങളെ മഞ്ഞ ബനിയനും കറുത്ത പാന്റ്സും ധരിച്ച ഒരാൾ തന്റെ കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിറ്റിക് കൂടിനുള്ളിലേയ്ക്ക് മാറ്റുന്നു. മാറ്റുന്നതിനിടയിൽ “ഇത് ഗവണ്മെന്റ് ഹോസ്പിറ്റൽ ആണ്, ഇവിടെ ഇങ്ങനൊന്നും വെക്കാൻ പാടില്ല” എന്ന വാദം പറയുന്നു. പേര് ചോദിച്ചപ്പോൾ അയാൾ പേരു പറഞ്ഞു. മൊബൈൽ നമ്പർ ചോദിച്ചപ്പോൾ അതും നൽകി വളരെ കൂളായി അയാൾ നടന്നു നീങ്ങുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ ഉണ്ട്.

ആ വ്യക്തിയുടെ പേരിൽ നിന്നും അയാളുടെ മതം വ്യക്തമാണ്. അയാൾ നൽകിയ മൊബൈൽ നമ്പറിൽ പലരും വിളിച്ചപ്പോൾ അയാൾ നൽകിയ മറുപടിയിൽ അയാളുടെ മത തീവ്രവാദഗതികളും പുറത്തുവന്നു. തീവ്രവാദപരമായ നിലപാടുകളും ചെയ്തതിനെക്കുറിച്ചുള്ള കൂസലില്ലായ്മയുമാണ് അയാളുടെ മറുപടിയിൽ നിഴലിക്കുന്നത്. അപലപിക്കപ്പെടേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ് ഇത്തരം നിലപാടുകൾ.

ഒരു വ്യക്തിക്ക് ഇന്നലെ പുൽക്കൂട് കണ്ടപ്പോൾ പെട്ടന്നുണ്ടായ ഒരു ആവേശംകൊണ്ട് ആ രൂപങ്ങൾ എടുത്തുമാറ്റിയതാവണം എന്നു ചിന്തിക്കാൻ നമുക്കാവില്ല. കാലാകാലങ്ങളായി അയാൾ പഠിച്ചതും അയാളെ പഠിപ്പിച്ചതുമായ കാര്യങ്ങളുടെ പ്രകടനമാണ് അയാൾ അവിടെ നടത്തിയത്. മറ്റുമതങ്ങളെ അപമാനിക്കുകയും അവർ പൂജ്യമായി കരുതുന്ന കാര്യങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് മതതീവ്രവാദത്തിന്റെ ദുഷ്ടമുഖമാണ്. അപലപിക്കപ്പെടേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ് ഇത്തരം നീക്കങ്ങൾ.

“ഇത് ഗവണ്മെന്റ് ഹോസ്പിറ്റൽ ആണ്, ഇവിടെ ഇങ്ങനൊന്നും വെക്കാൻ പാടില്ല” എന്ന വാദമാണ് അയാൾ താൻ ചെയ്യുന്ന പ്രവർത്തിക്ക് പിൻബലമായി ഉയർത്തുന്നത്. ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിൽ/ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കാര്യങ്ങൾ തീരുമാനിക്കാനും നടത്താനും ചുമതലപ്പെട്ടവർ ഉണ്ടാകും; അവരുടെ തീരുമാനം അനുസരിച്ചായിരിക്കും പുൽക്കൂട് ഉണ്ടാക്കിയതും. അവിടുത്തെ ഉത്തരവാദിത്വപെട്ടവരുടെ തീരുമാനങ്ങളുടെ മുകളിൽ കയറി തീരുമാനമെടുക്കാൻ ഈ വ്യക്തിയെ ചുമതലപ്പെടുത്തിയത് ആരാണ്? അപലപിക്കപ്പെടേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ് ഇത്തരം ചിന്താഗതികൾ.

രാജ്യത്തിൻറെ നിയമങ്ങൾ ലംഘിക്കപ്പെടുന്നുണ്ട് എന്ന തോന്നലുണ്ടെങ്കിൽ അതറിയിക്കേണ്ട നിയമ സംവിധാനങ്ങൾ ഇവിടെയുണ്ട്. അത്തരം സാഹചര്യങ്ങളിൽ പോലീസിനെ കാര്യങ്ങൾ അറിയിക്കുക എന്നതാണ് ചെയ്യേണ്ടത്. പോലീസിനെ അറിയിക്കേണ്ട കാര്യമില്ല, തന്റെ ബോധ്യം രാജ്യത്തിൻറെ നിയമവ്യവസ്ഥയുടെയും മുകളിലാണ് എന്ന ആ വ്യക്തിയുടെ മനോഭാവമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. അത്തരം മനോഭാവമാണ് അയാൾക്കെങ്കിൽ ആ മനോഭാവം അയാളിൽ രൂപപ്പെട്ടത് എങ്ങനെയായിരിക്കും? അപലപിക്കപ്പെടേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ് ഇത്തരം മനോഭാവങ്ങൾ.

ഈ വ്യക്തിയുടെ മതവുമായി ബന്ധപ്പെട്ട പ്രതീകമാണ് മറ്റേതെങ്കിലും മതത്തിലെ ആളുകൾ മാറ്റിയിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക? കലാപസാധ്യത, ഏതുമതത്തിലെ ആളാണോ അതിനുകാരണം ആ മതത്തിന്റെ പ്രതീകങ്ങൾ നശിപ്പിക്കാനുള്ള സാധ്യത, അവരുടെ ആളുകളെ ആക്രമിക്കാനുള്ള സാധ്യത ഇതൊക്കെയായിരിക്കും സംഭവിക്കുക. മാത്രമല്ല, ആ മതത്തിലെ എല്ലാ വിഭാഗങ്ങളും അവരുടെ നേതാക്കളും അനുയായികളും പരസ്യപ്രസ്താവനയുമായി വരുകയും ചെയ്യും. അവർ കേരളത്തിന്റെ മതേതര മനസിനെക്കുറിച്ചു വാചാലരാകും. മറ്റു മതത്തിൽ പെട്ട മതനേതാക്കളെക്കൊണ്ട് സമാന പ്രസ്താവനകൾ ഇറക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കും. എന്നാൽ കാസർകോട് ജില്ലയിൽ നടന്ന ഈ സംഭവത്തിൽ ക്രൈസ്തവ വികാരം വ്രണപ്പെട്ടതിനെക്കുറിച്ചു ആ മതത്തിലെ ഒരു വ്യക്തിയും ഒരു പ്രസ്താവനയും ഇതുവരെയും നടത്തിയിട്ടില്ല.

ഇറാഖിലോ സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ആണ് ഈ സംഭവം നടന്നതെങ്കിൽ നമുക്കു ചിന്തിക്കാമായിരുന്നു അവിടെ ഐഎസും താലിബാനും കാര്യങ്ങൾ നിയന്ത്രിക്കുന്നതിനാലാണ് ഇങ്ങനെ നടന്നതെന്ന്. പക്ഷേ, ഇത് നടന്നത് ജനാധിപത്യ ഇന്ത്യയിലാണ്, കേരളത്തിലാണ്. ഐഎസിന്റെ വേരുകൾ കേരളത്തിലുണ്ടെന്നുള്ള ഇന്ത്യൻ സുരക്ഷാ ഏജൻസിയുടെ കണ്ടെത്തൽ നമ്മളെ ഭയപ്പെടുത്തിയിരുന്നു. താലിബാനിസത്തെ ‘വിസ്മയം’ എന്നുചിലർ വിശേഷിപ്പിച്ചപ്പോഴും നമ്മൾ പരിഭ്രമിച്ചിരുന്നു. അതെല്ലാം മറനീക്കി പുറത്തുവരുന്ന കാലമാണിത് എന്നു നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഗവണ്മെന്റ് ഹോസ്പിറ്റലിൽ പുൽക്കൂട് വയ്ക്കണം എന്നല്ല പറയുന്നത്. അവിടുത്തെ ആളുകൾ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനിച്ചാൽ അതിനെ തടസപ്പെടുത്താൻ ‘മുസ്തഫയ്ക്ക്‌’ അവകാശമില്ല എന്നാണ്. മാത്രമല്ല. അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പ് ഡിപി, അൽഖയ്ദയുടെയോ സമാന പ്രസ്ഥാനങ്ങളുടെയോ ആണെങ്കിലും അദ്ദേഹം ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് അദ്ദേഹം ഓർമ്മിക്കണം അല്ലെങ്കിൽ കൂടെയുള്ളവർ ഓർമ്മിപ്പിക്കണം. കേന്ദ്ര-കേരള സുരക്ഷാ ഏജൻസികൾ ഇക്കാര്യത്തിൽ ഇടപെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Latest News