2024 ൽ ഡൊമിനിക്കൻ റിപ്പബ്ലിക് 2,76,000 ത്തിലധികം ഹെയ്തിക്കാരെ നാടുകടത്തിയതായി രാജ്യത്തെ ഇമിഗ്രേഷൻ ഡയറക്ടറേറ്റ് ബുധനാഴ്ച അറിയിച്ചു. പ്രസിഡന്റ് ലൂയിസ് അബിനാഡറുടെ നേതൃത്വത്തിലുള്ള ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ ഉത്തരവ് പ്രകാരമായിരുന്നു ഇത്രയധികം ആളുകളെ തിരികെ ഹെയ്തിയിലേക്ക് അയച്ചത്.
ആഴ്ചയിൽ, രേഖകളില്ലാത്ത പതിനായിരം ഹെയ്തിക്കാരെ വരെ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനങ്ങളെത്തുടർന്ന് വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ മാത്രം 94,000 ത്തിലധികം ആളുകളെ നാടുകടത്തി. ഡൊമിനിക്കൻ അധികൃതർ ജനുവരി – മാർച്ച് പാദത്തിൽ 48,344 ഹെയ്തിക്കാരെയും ഏപ്രിൽ – ജൂൺ കാലയളവിൽ 62,446 പേരെയും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 71,414 പേരെയും തിരികെ അയച്ചതായി പ്രസ്താവനയിൽ പറയുന്നു.
ഹെയ്തിയുമായി ഒരു ദ്വീപ് പങ്കിടുന്ന ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കൂടുതൽ അഭയാർഥികൾ എത്തുന്നത് ഗുരുതരമായ പ്രതിസന്ധികൾക്ക് കാരണമായിരുന്നു. ഇരുരാജ്യങ്ങളും, തങ്ങളുടെ പങ്കിട്ട അതിർത്തി കടന്ന് അനൗപചാരികമായി ആളുകൾ ഒഴുകുന്നത് വളരെക്കാലമായി കണ്ടിട്ടുണ്ട്. എന്നാൽ സ്ഥിതിഗതികൾ വഷളായതോടെയാണ് അഭയാർഥികളെ തിരികെ അയയ്ക്കാൻ ഡൊമിനിക്കൻ റിപ്പബ്ലിക്ക് ആരംഭിച്ചത്.
ഹെയ്തിയുടെ വിദേശകാര്യ മന്ത്രി ഡൊമിനിക് ഡുപുയ് ‘റെയ്ഡുകളുടെയും നാടുകടത്തലിന്റെയും ക്രൂരമായ രംഗങ്ങളെ’ അപലപിക്കുകയും തന്റെ നാട്ടുകാർക്കെതിരായ ‘മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക്’ നീതി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മനുഷ്യാവകാശങ്ങൾക്ക് അനുസൃതമായാണ് നാടുകടത്തൽ നടത്തുന്നതെന്ന് ഡൊമിനിക്കൻ അധികൃതർ വാദിക്കുന്നു.