Thursday, March 6, 2025

‘അമേരിക്ക തിരിച്ചെത്തി’: യു എസ് കോണ്‍ഗ്രസ് പ്രസംഗത്തില്‍ ഡൊണാള്‍ഡ് ട്രംപ്

രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയശേഷം ആദ്യമായി യു എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ കൈക്കൊണ്ട തീരുമാനങ്ങളും ചുവടുവയ്പ്പുകളെയും കുറിച്ചായിരുന്നു ട്രംപിന്റെ പ്രസംഗം.

‘അമേരിക്ക തിരിച്ചെത്തി’ എന്ന ധീരമായ പ്രഖ്യാപനത്തോടെയാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്. അധികാരത്തിലെത്തിയശേഷം നടപ്പിലാക്കിയ ചില കാര്യങ്ങളെ അനുസ്മരിച്ചുകൊണ്ടായിരുന്നു തുടക്കം. ‘ആറാഴ്ചകള്‍ക്കു മുന്‍പ് ഈ ക്യാപിറ്റലിന്റെ താഴെ നിന്നുകൊണ്ട് അമേരിക്കയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഉദയത്തെക്കുറിചു സംസാരിച്ചു. അതിനുശേഷം രാജ്യത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനത്തിനും വേണ്ടി പ്രയത്‌നിച്ചുതുടങ്ങി’ എന്നാണ് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞത്.

അടുത്തിടെ ട്രംപ് എതിരാളികളായ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ പ്രതികാര തീരുവ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. മാത്രമല്ല, യുദ്ധത്തില്‍ തകര്‍ന്ന യുക്രൈന് സഹായം അനുവദിക്കുകയും പിന്നീട് സെലെന്‍സ്‌കിയുമായുള്ള വാക്കുതര്‍ക്കത്തിനുശേഷം സഹായം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

ട്രംപിന്റെ പ്രസംഗം തുടങ്ങി അല്‍പനേരത്തിനുള്ളില്‍തന്നെ അത് തടസ്സപ്പെടുത്താന്‍ ഒരാള്‍ ശ്രമിച്ചു. എന്നാല്‍ ഇദ്ദേഹത്തെ പുറത്താക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട്  ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സന്‍ നിര്‍ദേശം നല്‍കി. പ്രസംഗത്തില്‍, മുന്‍ പ്രസിഡന്റ് ബൈഡനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് എന്ന് ട്രംപ് വിശേഷിപ്പിച്ചു. ബൈഡന്‍ പ്രസിഡന്റായിരുന്ന സമയത്ത് അനധികൃതമായ പല കാര്യങ്ങളും നടന്നിരുന്നതായും ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News