ഗാസയിൽ ഹമാസ് തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതുവത്സര ആഘോഷവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം മുന്നറിയിപ്പിന്റെ രൂപത്തിൽ ബന്ദികളുടെ മോചനം എന്ന ആവശ്യം ഉയർത്തിയത്.
“ഹമാസ് ബന്ദികളെ ഉടൻ തിരിച്ചുവരാൻ അനുവദിക്കുന്നതാണ് നല്ലത്” ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ. വെടിനിർത്തൽ സംബന്ധിച്ച് ചോദിച്ചപ്പോൾ, “എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
താൻ അധികാരമേൽക്കുന്ന തീയതിക്കു മുൻപ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഡിസംബറിൽ ട്രംപ് ഹമാസിനു മുന്നറിയിപ്പ് നൽകിയിരുന്നു. “2025 ജനുവരി 20 നു മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ, മനുഷ്യരാശിക്കെതിരായ ഈ അതിക്രമങ്ങൾക്ക് ഉത്തരവാദികളായവർ വലിയ വില നൽകേണ്ടിവരും” എന്ന് അദ്ദേഹം ഡിസംബറിൽ എഴുതിയിരുന്നു.