കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ മുന്‍നിര പട്ടണമായ പോപാസ്നയില്‍ ഏകദേശം 2,000 സാധാരണക്കാര്‍ യുദ്ധത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 മുതല്‍ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികള്‍ കൈവശം വച്ചിരിക്കുന്ന ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് നഗരങ്ങള്‍ക്കിടയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇത് റഷ്യയുടെ ലക്ഷ്യങ്ങളിലെ പ്രധാന കേന്ദ്രവുമാണ്.
പോപാസ്നയിലെ ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്ന് ഒഴിപ്പിക്കല്‍ ബസുകള്‍ മേഖലയിലെത്തിയിരുന്നു. അതുകഴിഞ്ഞ് എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. കാരണം വോളണ്ടിയര്‍ ഡ്രൈവര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ കാണാതാവുകയോ റഷ്യന്‍ സൈന്യം പിടികൂടുകയോ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
‘എല്ലാ ദിവസവും റഷ്യക്കാര്‍ മേഖലയിലേയ്ക്ക് മുന്നേറുന്നു. സാഹചര്യം വളരെ കടുപ്പമാണ്’. പോപാസ്‌നയുടെ സൈനിക-സിവിലിയന്‍ ഭരണകൂടത്തിന്റെ തലവന്‍ നിക്കോളായ് ഖാനറ്റോവ് പറഞ്ഞു.
ഡോണ്‍ബാസ് മേഖലയിലുടനീളം, പട്ടണങ്ങളും ഗ്രാമങ്ങളും വിട്ടുപോകാന്‍ പാടുപെടുന്നവരെ, പ്രത്യേകിച്ച് പ്രായമായവരെയും അശക്തരെയും കാറുകളിലും ബസുകളിലുമായി ഒഴിപ്പിക്കാന്‍ സഹായിക്കുന്നതില്‍ സിവിലിയന്‍ സന്നദ്ധപ്രവര്‍ത്തകരുടെ ചെറിയ ഗ്രൂപ്പുകള്‍ പ്രധാന പങ്ക് വഹിക്കുന്നു.
‘ഞങ്ങള്‍ യുദ്ധ മുന്നണിയുടെ വളരെ അടുത്ത് വരേയും പോകുകയും അന്ധരും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരേയും പ്രായമായവരേയുമെല്ലാം ഒഴിപ്പിക്കുകയും ചെയ്യുന്നു. മിക്ക സമയത്തും ഞങ്ങള്‍ക്കും ഭയമാണ്. എങ്കിലും റിസ്‌ക്ക് എടുക്കും’. പ്രദേശത്തെ ഒരു ചെറിയ ചാരിറ്റിക്ക് വേണ്ടി സന്നദ്ധസേവനം നടത്തുന്ന ബ്രിട്ടീഷ് ഗണിത അധ്യാപകനായ ഗൈ ഓസ്‌ബോണ്‍ പറഞ്ഞു.
ഇതുപോലെ ആഴ്ചകളായി നിലവറകളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഏതാനും സിവിലിയന്മാരെ പുറത്തുകൊണ്ടുവരാമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രാദേശിക ചരിത്ര അധ്യാപകനായ മൈഖൈല്‍ പങ്കോവ് പോപാസ്നയിലേക്ക് ഒരു സ്‌കൂള്‍ ബസില്‍ പുറപ്പെട്ടു. റഷ്യന്‍ സൈന്യം പട്ടണത്തിന്റെ മുഴുവന്‍ നിയന്ത്രണവും കൈവരിച്ചതിനാല്‍ യാത്ര ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ യൂലിയ പിന്‍സെലിക് അഭ്യര്‍ത്ഥിച്ചു. പക്ഷേ താന്‍ ഭയപ്പെടുന്നില്ലെന്നും ആളുകള്‍ക്ക് സഹായം ആവശ്യമാണെന്നും പറഞ്ഞ് അദ്ദേഹം യാത്ര തുടങ്ങി.
എന്നാല്‍ മൈഖൈലും അദ്ദേഹത്തിന്റെ ബസും തിരികെ വന്നില്ല. ഏതോ ബസിന് തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു തുടങ്ങി. ‘എന്റെ അച്ഛനെ ഞങ്ങളുടെ അടുത്തേക്ക് തിരികെ കൊണ്ടുവരൂ. അദ്ദേഹമില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പേടിയാണ്..ദയവായി എന്റെ ഡാഡിയെ എനിക്ക് തിരികെ തരൂ’ എന്നു കരഞ്ഞു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ 12 വയസ്സുള്ള മകള്‍ വരവര സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഒരു റഷ്യന്‍ ടിവി ചാനല്‍ മൈഖൈലിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു. ഇയാളെ റഷ്യന്‍ പ്രദേശത്ത് കണ്ടെത്തിയതാണെന്നും ചാരനെന്ന് സംശയിക്കുന്നതായും ഒരു റഷ്യന്‍ സൈനികന്‍ വിശദീകരിക്കുന്നതായിരുന്നു അത്.
ചാരവൃത്തിയിലല്ല, മാനുഷിക പ്രവര്‍ത്തനങ്ങളിലാണ് മൈഖൈല്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പോപാസ്ന ഉദ്യോഗസ്ഥന്‍ നിക്കോളായ് ഖാനറ്റോവ് ചാനല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു.
ഒരു ചരിത്ര അധ്യാപകനും കായികതാരവുമായ ആള്‍ എങ്ങനെ ചാരനാകുമെന്നാണ് യൂലിയ ചോദിക്കുന്നത്. എങ്കിലും തന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കാനായതില്‍ അവര്‍ ആശ്വസിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ക്ക് ഒരു അപ്രതീക്ഷിത കോള്‍ വന്നു. മൈഖൈലായിരുന്നു അത്. തന്നെ ഒരു ഡോര്‍മിറ്ററിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും തടവുകാരെ കൈമാറുന്ന കൂട്ടത്തില്‍ തന്നെ വിട്ടയച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടെ കുറച്ചുകൂടി ആശ്വാസം അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചു.
റഷ്യന്‍ സൈനിക തടവുകാര്‍ക്കായി സിവിലിയന്‍ ബന്ദികളെ കൈമാറാന്‍ റഷ്യക്കാര്‍ ശ്രമിച്ചതായി യുക്രെയ്‌നിന്റെ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് കഴിഞ്ഞ ആഴ്ച ബിബിസിയോട് പറഞ്ഞിരുന്നു. റഷ്യയില്‍ ആയിരത്തിലധികം യുക്രേനിയന്‍ സിവിലിയന്മാര്‍ തടവുകാരാണെന്നും അവര്‍ പറഞ്ഞു. ഇതൊക്കെയാണെങ്കിലും നിസ്സഹായരായ സഹജീവികളെ സഹായിക്കുന്നതിനായി സ്വന്തം ജീവന്‍ പണയം വയ്ക്കാന്‍ ഇപ്പോഴും മനുഷ്യസ്‌നേഹികളായ അനേകര്‍ സന്നദ്ധരാകുന്നുണ്ട്.