നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കരുതെന്ന് ഹൈക്കോടതി. സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കണമെന്നായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. എന്നാല്‍ കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടാകുന്നതുവരെ ബസുകള്‍ വിട്ടു നല്‍കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
സ്‌കൂള്‍ ബസുകള്‍ ഇത്തരത്തില്‍ വിട്ട് നല്‍കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് കാട്ടി കാസര്‍കോട് സ്വദേശി ഫിലിപ്പ് ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. ബസുകള്‍ വിട്ട് നല്‍കുന്നത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
സ്‌കൂള്‍ ബസുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ്. ഈ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി പ്രാഥമികമായി അംഗീകരിക്കുകയായിരുന്നു. സ്‌കൂള്‍ ബസുകള്‍
മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടത്തില്‍ ഇളവ് വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.
ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നവകേരള സദസ് നടക്കുന്ന ഇടങ്ങളിലെ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. പരിപാടിയിലേക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കേണ്ട സമയം കഴിഞ്ഞാണോ ബസുകള്‍ വിട്ടു നല്‍കേണ്ടതെന്ന കാര്യം ഉത്തരവില്‍ പറഞ്ഞിരുന്നില്ല.