Tuesday, November 26, 2024

ചാവേറാക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി എത്തിയ സ്ത്രീകളെ വിലക്കി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളെ പൊതുമദ്ധ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പ്രവണതയ്ക്ക് പുതിയ ഉദാഹരണം. കാബൂളില്‍ ചാവേറാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി എത്തിയ സ്ത്രീകളെ വിലക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആശുപത്രികളില്‍ രക്തത്തിന്റെ കുറവ് അനുഭവപ്പെട്ടപ്പോള്‍ രക്തബാങ്കുകളില്‍ നേരിട്ടെത്തിയ സ്ത്രീകളെയാണ് താലിബാന്‍ വിലക്കിയത്. എന്ത് കൊണ്ടാണ് സ്ത്രീകളെ രക്തം ദാനം ചെയ്യുന്നതില്‍ നിന്ന് വിലക്കിയത് എന്നതിന് ഭരണകൂടം ഇതു വരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. രക്തം ദാനം ചെയ്യാനെത്തിയ സ്ത്രീകളെ ഓരോ ഒഴിവുകഴിവ് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കും ഭരണകൂടം മറച്ചുവെക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഇന്നലെ കാബൂളിലെ ചാവേറാക്രമണത്തില്‍ 19 പേരല്ല കൊല്ലപ്പെട്ടതെന്ന് സാമൂഹ്യപ്രവര്‍ത്തകരടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്. വാര്‍ത്തകളില്‍ വന്നതിനേക്കാള്‍ ഇരട്ടിയാണ് മരണസംഖ്യ.

സാധാരണക്കാരെ രക്ഷിക്കുന്നതില്‍ ഭരണകൂടത്തിനുണ്ടായ പരാജയം മറച്ചുവെക്കാനാണ് ഓരോ ആക്രമണത്തിന് ശേഷവും താലിബാന്‍ മരണസംഖ്യകളില്‍ കൃത്രിമം കാണിക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കാബൂളിലെ ദസ്തെ എ ബര്‍ബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ചാവേറാക്രമണമുണ്ടായത്. 19 പേര്‍ മരിക്കുകയും 30 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് താലിബാന്‍ പുറത്തുവിട്ട വിവരം. ആക്രമണം നടന്ന് ഒരു ദിവസമാകുമ്പോഴും ഇതുവരെയും ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

 

Latest News