Sunday, November 24, 2024

നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉത്തരവും ചില സംശയങ്ങളും!

മദ്രസാധ്യാപകരുടെ ക്ഷേമനിധിയുടെ സഞ്ചിതനിധിക്കായി പത്തു കോടി രൂപ 2010-ല്‍ വി.എസ്. അച്ചുതാനന്ദന്‍ സര്‍ക്കാരും, പലിശരഹിത നിക്ഷേപത്തിനുള്ള ഇന്‍സെന്റീവായി മൂന്നു കോടി എഴുപത്തഞ്ചു ലക്ഷത്തിലേറെ രൂപ 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും, ഓഫീസ് ക്രമീകരണങ്ങള്‍ക്കായി പിണറായി സര്‍ക്കാരുള്‍പ്പെടെ മൂന്നു ഭരണകൂടങ്ങള്‍ (2009-2021) നാലു കോടി രണ്ടു രക്ഷത്തോളം രൂപയും മദ്രസാധ്യാപക ക്ഷേമനിധിയിലേക്ക് നല്കുകയുണ്ടായി. അങ്ങനെ ഇതുവരെ പതിനേഴു കോടി എഴുപത്തേഴു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി നാനൂറ്റി പന്ത്രണ്ടു രൂപ കേരളത്തിന്റെ പൊതുഖജനാവില്‍നിന്നു നല്കുകയുണ്ടായെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി പറഞ്ഞതായി നിയമസഭാരേഖ വ്യക്തമാക്കുന്നു.

ഉത്തരം തേടുന്ന ചോദ്യങ്ങള്‍

1. ഇസ്ലാംമതം പഠിപ്പിക്കാനും വളര്‍ത്താനും മതേതര സര്‍ക്കാരുകള്‍ക്ക് എന്താണ് താല്പര്യം?

2. ഏതു വകുപ്പിന്റെ പിന്‍ബലത്തിലാണ് പൊതുഖജനാവില്‍നിന്ന് മദ്രസാധ്യാപകര്‍ക്കായി ഇത്രയും പണം ചെലവഴിച്ചത്?

3. മറ്റു മതാധ്യാപകരില്‍ നിന്നു വ്യത്യസ്തമായി മദ്രസാധ്യാപകര്‍ കേരള സമൂഹത്തിന് എന്തു കൂടുതല്‍ നന്മയാണ് നല്കുന്നത്?

4. തീവ്രവാദ സംഘടനകളെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വിശേഷിപ്പിച്ചിട്ടുള്ള SDPI, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളില്‍ അംഗങ്ങളായ മദ്രസാധ്യാപകര്‍ നിലവിലുണ്ടോ?

5. നൂറ്റമ്പതോളം മുസ്ലീം ചെറുപ്പക്കാര്‍ വിവിധ ഭീകരപ്രസ്ഥാനങ്ങളില്‍ ചേരുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തതില്‍ മദ്രസകള്‍ക്കോ മദ്രസാധ്യാപകര്‍ക്കോ പങ്കില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോ?

6. മുസ്ലീം യുവാക്കളുടെ ഡീറാഡിക്കലൈസേഷന് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയെന്നും ആയിരങ്ങളെ തീവ്രവാദത്തില്‍ നിന്നു മോചിപ്പിച്ചെന്നും മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയിരിക്കേ, അത്തരം റാഡിക്കലൈസേഷന് മദ്രസകള്‍ നിമിത്തമായിട്ടില്ല എന്ന് വ്യക്തതയുണ്ടോ?

7. മദ്രസകളില്‍ തീവ്രവാദം പഠിപ്പിക്കുന്നു എന്ന ആരോപണങ്ങള്‍ നിലവിലുള്ളപ്പോള്‍ സര്‍ക്കാരിന്റെ ചെലവിലാണ് കേരളത്തില്‍ തീവ്രവാദം വളരുന്നത് എന്ന പൊതുജനത്തിന്റെ സന്ദേഹം അസ്ഥാനത്താണോ?

8. മദ്രസാധ്യാപകരുടെ നിയമനത്തിന് കൃത്യമായ യോഗ്യതാമാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍, അവര്‍ക്കു ധനസഹായം നല്കുന്ന സര്‍ക്കാരിന് അവകാശവും ബാധ്യതയും ഇല്ലേ?

9. മദ്രസാധ്യാപകര്‍ പഠിപ്പിക്കുന്ന കാര്യങ്ങളുടെ ഉള്ളടക്കവും രീതിയും പരിശോധനാവിധേയമാക്കാന്‍, അവര്‍ക്ക് പണം നല്കുന്ന സര്‍ക്കാരിന് എന്തു സംവിധാനമാണ് ഉള്ളത്?

10. മറ്റു മതങ്ങളിലും മതാധ്യാപകര്‍ ഉണ്ടെന്നിരിക്കേ, ഇസ്ലാം മതാധ്യാപകര്‍ക്കു മാത്രമായി ഇത്തരം സര്‍ക്കാര്‍ സഹായം ലഭിക്കുന്നത് വിവേചനമല്ലേ? അത് മതേതര സര്‍ക്കാരുകള്‍ക്ക് ഭൂഷണമാണോ?

ഫാ. ജോഷി മയ്യാറ്റില്‍

 

Latest News