വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 119 പേരാണ് കാണാമറയത്തുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎന്‍എ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.
വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും സൂചിപ്പാറ ചാലിയാര്‍ പുഴയുടെ തീരങ്ങളിലും തെരച്ചില്‍ നടക്കും. കഴിഞ്ഞ ദിവസങ്ങളിലെ ഇവിടെ നടന്ന തെരച്ചിലില്‍ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ നിലവില്‍ അനുവദിക്കുന്നില്ല.
അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവില്‍ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യയനം തുടങ്ങാനുമാണ് സര്‍ക്കാര്‍ ആലോചന. 10 സ്‌കൂളുകളാണ് നിലവില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നത്.
ഇതിനോടകം നൂറിലധികം കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സര്‍ക്കാര്‍ കണക്ക്. 400 ല്‍ ഏറെ കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ ഉണ്ട്.
വാടക വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികള്‍ അടങ്ങിയ പ്രത്യേക കിറ്റും നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. അതിനിടെ, ബാങ്ക് രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാന്‍ ബാങ്കിംഗ് അദാലത്തും സംഘടിപ്പിച്ചിരുന്നു. കൂടുതല്‍ ഡിഎന്‍എ സാമ്പിളുകളുടെ ഫലവും കിട്ടിത്തുടങ്ങിയിരുന്നു.