Monday, November 25, 2024

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു; ജനാധിപത്യത്തിന്റെ അഭിമാന നിമിഷവും സാധാരണക്കാരുടെ വിജയവുമെന്ന് പ്രസ്താവിച്ച് ആദ്യ പ്രസംഗം

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയാണ്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാര്‍, എംപിമാര്‍, സേനാ മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ദ്രൗപതിമൂര്‍മുവിന്റെ കുടുംബത്തില്‍ നിന്ന് സഹോദരനും പത്നിയും മകളും ഭര്‍ത്താവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളോടെയാണ് ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തത്. വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണെന്ന് സ്വന്തം ജീവിതം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ കന്നിപ്രസംഗം. ഈ പദവിയിലെത്താന്‍ താന്‍ നടന്നുവന്ന വഴികള്‍ 20 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ ദ്രൗപദി മുര്‍മു വിശദീകരിച്ചു.

ഒഡിഷയിലെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ യാത്ര ആരംഭിച്ചതെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. രാജ്യം തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് കരുത്താകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ അഭിമാന നിമിഷമാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു.

താന്‍ രാഷ്ട്രപതിയായത് തന്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല മറിച്ച് സാധാരണക്കാരായ ഓരോരുത്തരുടേയും വിജയം കൂടിയാണിതെന്ന് ഉറച്ച ശബ്ദത്തില്‍ ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു. ദരിദ്രര്‍, ദലിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെ കാലങ്ങളായി അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ തന്നെ അവരുടെ പ്രതിഫലമായി കണ്ട് അഭിമാനിക്കുന്നതില്‍ തനിക്ക് നിറഞ്ഞ തൃപ്തിയുണ്ടെന്നും ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു. കോടിക്കണക്കിന് പാവപ്പെട്ടവരുടേയും സ്ത്രീകളുടേയും ആദിവാസി, ദലിത് വിഭാഗങ്ങളുടേയും സ്വപ്നങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ നിമിഷമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു.

 

Latest News