Tuesday, November 26, 2024

ദ്രൗപതി എന്ന പേര് അധ്യാപികയുടെ സംഭാവന; വെളിപ്പെടുത്തി രാഷ്ട്രപതി

ദ്രൗപതി മുര്‍മു ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ വ്യക്തിയാണ് മുര്‍മു. സ്‌കൂള്‍ ടീച്ചറാണ് ഇവര്‍ക്ക് ദ്രൗപതി എന്ന പേര് നല്‍കിയത്. കുറച്ച് കാലം മുന്‍പ് ഒരു ഒഡിയ വീഡിയോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ സ്‌കൂള്‍ ടീച്ചറാണ് മഹാഭാരതത്തിലെ കഥാപാത്രത്തിന്റെ പേര് തനിയ്ക്ക് നല്‍കിയതെന്ന് ദ്രൗപതി മുര്‍മു വെളിപ്പെടുത്തിയിരുന്നു. പുതി എന്നായിരുന്നു ദ്രൗപതിയുടെ ആദ്യ പേര്.

‘എന്റെ യഥാര്‍ത്ഥ പേര് ദ്രൗപതി എന്നല്ല. എന്റെ സ്‌കൂള്‍ ടീച്ചറാണ് എനിയ്ക്ക് ഈ പേര് നല്‍കിയത്’ ദ്രൗപതി മുര്‍മു വ്യക്തമാക്കി. ഗോത്ര വര്‍ഗ്ഗക്കാര്‍ കൂടുതലുള്ള മയൂര്‍ഭഞ്ജ് ആണ് ദ്രൗപതിയുടെ നാട്. സ്‌കൂള്‍ ടീച്ചര്‍ക്ക് തന്റെ പഴയ പേര് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ അവരാണ് തന്റെ പേര് മാറ്റിയതെന്ന് മുര്‍മു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നിരവധി തവണ തന്റെ പേര് മാറ്റിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘ഒരു പെണ്‍കുട്ടി ജനിച്ചാല്‍ മുത്തശ്ശിയുടെ പേരാണ് ആദ്യം അവള്‍ക്ക് നല്‍കുക. ആണ്‍കുട്ടിയാണെങ്കില്‍ മുത്തശ്ശന്റെയും.’ മുര്‍മു മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കി. സ്‌കൂളിലും കോളേജിലും ടുഡു എന്ന കുടുംബപ്പേരാണ് ദ്രൗപതിയ്ക്ക് ഉണ്ടായിരുന്നത്. ബാങ്ക് ഓഫീസറായ ശ്യാം ചരണിനെ വിവാഹം ചെയ്തതോടെയാണ് മുര്‍മു എന്ന് ചേര്‍ത്തത്.

ഒഡീഷയിലെ സന്താള്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ദ്രൗപദി മുര്‍മു. 1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തിലാണ് ജനനം. പിതാവ് ബിരാന്‍ചി നാരായണ്‍ ടുഡു. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് മുര്‍മുവിനുള്ളത്. ഇതില്‍ ആണ്‍മക്കള്‍ ഇരുവരും മരിച്ചു.

 

Latest News