രാജ്യത്ത് ആളില്ലാ വിമാനത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. കര്‍ണാടകയിലെ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റെയ്ഞ്ചായ ചിത്രദുര്‍ഗയിലായിരുന്നു പരീക്ഷണം നടന്നത്.
പൂര്‍ണമായും ഓട്ടോണമസായി പ്രവര്‍ത്തിക്കാന്‍ വിമാനത്തിന് കഴിഞ്ഞതായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) ട്വീറ്റ് ചെയ്തു. ടേക്ക് ഓഫ് മുതല്‍ വിമാനം പറന്നിറങ്ങുന്നതുവരെ പൂര്‍ണമായും വിജയകരമായി പ്രവര്‍ത്തിച്ചു. ആളില്ലാ വിമാനങ്ങളുടെ വികസനത്തില്‍ നിര്‍ണായകമായ ചുവടുവെയ്പ്പാണ് ഇതെന്നും ക്രിട്ടിക്കല്‍ ടെക്നോളജിയില്‍ നാഴികകല്ലാണെന്നും ഡിആര്‍ഡിഒ ചൂണ്ടിക്കാട്ടി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനത്തിന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെ ഡിആര്‍ഡിഒയെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. ആത്മനിര്‍ഭര്‍ ഭാരതിലേക്ക് വഴിതെളിക്കുന്ന നേട്ടം കൂടിയാണിതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിആര്‍ഡിഒയുടെ ഗവേഷണ ലബോറട്ടറിയിലാണ് ആളില്ലാ വിമാനം വികസിപ്പിച്ചത്.