ഇനി മുതല്‍ കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ ഗുണ നിലവാരമുള്ള ശുദ്ധജലം. സുജലം പദ്ധതിയിലൂടെയാണ് ഭക്ഷ്യവകുപ്പും ജലവിഭവ വകുപ്പും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചത്. ഹില്ലി അക്വാവെള്ളമാണ് ലഭ്യമാക്കുക. കേരള ഇറിഗേഷന്‍ ഇന്‍ഫ്ര സ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആണ് വെള്ളം ഉല്‍പ്പാദിപ്പിക്കുന്നത്. അര ലിറ്റര്‍, ഒരു ലിറ്റര്‍, അഞ്ച് ലിറ്റര്‍ എന്നീ അളവുകളിലാണ് കുപ്പിവെള്ളം. യഥാക്രമം 8, 10, 50 രൂപയാണ് വില.
ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷന്‍ കടകളിലാണ്. ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്തതാണ് ഈ റൂട്ടില്‍ തുടക്കത്തില്‍ തന്നെ വെള്ളം ലഭ്യമാക്കുന്നത്.
സംസ്ഥാനത്തെ 14,250 റേഷന്‍ കടകളിലും ഘട്ടം ഘട്ടമായി വെള്ളം ലഭ്യമാക്കും. തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ അധ്യക്ഷനായി. ഭക്ഷ്യ വകുപ്പിലെയും ജലവിഭവ വകുപ്പിലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.