Wednesday, May 14, 2025

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്: ഇന്നുമുതല്‍ 50 പേര്‍ക്കുമാത്രം അവസരം

മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ ഒരുദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കി. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കൂടുതല്‍ അപേക്ഷകര്‍ക്ക് മിക്ക ഓഫീസുകളിലും ടെസ്റ്റിന് അവസരം നല്‍കിയിട്ടുണ്ട്. ഇവരെ എങ്ങനെ ഒഴിവാക്കുമെന്നത് സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ല.

ഇപ്പോള്‍ 180 ഡ്രൈവിങ് ടെസ്റ്റുകള്‍വരെ നടത്തുന്ന ഓഫീസുകളുണ്ട്. വ്യാഴാഴ്ച ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നിടത്ത് തര്‍ക്കത്തിന് സാധ്യതയുണ്ട്. ഇപ്പോള്‍തന്നെ ടെസ്റ്റിന് ആറുമാസത്തോളം കാത്തിരിക്കേണ്ടിവരുന്നുണ്ട്. ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ വിസമ്മതിച്ചതാണ് നടപടി കടുപ്പിക്കാന്‍ ഇടയാക്കിയതെന്ന് അറിയുന്നു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുമായി അഭിപ്രായഭിന്നതയുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് യോഗത്തില്‍ പങ്കെടുത്തില്ല. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറാണ് പകരം എത്തിയത്.

 

Latest News