കേഡറ്റ് ബിരുദ ദാന ചടങ്ങിനിടെ സിറിയയിലെ സൈനിക അക്കാദമിയിൽ ഡ്രോൺ ആക്രമണം. സംഭവത്തില്‍ 100 പേർ കൊല്ലപ്പെട്ടതായി സന വാർത്താ ഏജൻസി പറഞ്ഞതായി, ബി.ബി.സി. റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആറു സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടെ ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി ഹസൻ അൽ ഗബ്ബാഷ് അറിയിച്ചു.
ഹോംസ് പ്രവിശ്യയിലെ സൈനിക അക്കാദമിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ബിരുദ ദാന ചടങ്ങിനിടെ സ്‌ഫോടകവസ്തുക്കൾവഹിച്ച ഡ്രോണുകൾ അക്കാദമിയെ ലക്ഷ്യമാക്കി ഭീകരര്‍ അയയ്ക്കുകയായിരുന്നു. സായുധ സേന ഈ സംഭവത്തെ അഭൂതപൂർവമായ ക്രിമിനൽ നടപടിയായി കണക്കാക്കുകയും ഈ തീവ്രവാദ ഗ്രൂപ്പുകൾ എവിടെയാണെങ്കിലും പൂർണ്ണ ശക്തിയോടെയും നിശ്ചയദാർഢ്യത്തോടെയും തിരിച്ചടിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. .
ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കേഡറ്റുകളുടെ കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്. അതേസമയം, ഇതുവരെ, ഒരു വ്യക്തിയോ ഗ്രൂപ്പോ ആക്രമണത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. യു.കെ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (SOHR) പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും ആക്രമണത്തിന് മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം തിരികെ പോയിരുന്നു.