തലസ്ഥാന നഗരമായ മോസ്കോയിലും പരിസര പ്രദേശങ്ങളിലും യുക്രൈന്‍ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യയുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടതായി റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ അറിയിച്ചു. യുക്രൈന്റെ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായും റഷ്യൻ വാർത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ക്രെംലിനിൽ നിന്ന് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടെണ്ണവും മോസ്കോ മേഖലക്കു മുകളിലൂടെയുള്ള ആകാശത്ത് മൂന്ന് ഡ്രോണുകളുമാണ് ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് വ്യോമഗതാഗതം തടസ്സപ്പെടുകയായിരുന്നു. “വിദേശ വിമാനങ്ങൾ സ്വീകരിക്കുന്ന മോസ്കോയിലെ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ ഇൻഫ്രാസ്ട്രക്ചർ സ്ഥിതിചെയ്യുന്ന പ്രദേശം ആക്രമിക്കാനുള്ള യുക്രൈന്റെ ശ്രമം മറ്റൊരു തീവ്രവാദ പ്രവർത്തനമാണ്” – റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. സമീപ പ്രദേശമായ കലുഗ മേഖലയിൽ നിന്നും ഒരു ഡ്രോണ്‍ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
“യുക്രൈന്റെ ഡ്രോണ്‍ ആക്രമണങ്ങൾ റഷ്യന്‍ വ്യോമ പ്രതിരോധസേന തടഞ്ഞിട്ടുണ്ട്. കണ്ടെത്തിയ എല്ലാ ഡ്രോണുകളും ഇല്ലാതാക്കി” – മോസ്കോ മേയർ സെർജി സോബിയാനിൻ തന്റെ ടെലിഗ്രാമിലൂടെ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, മോസ്കോയിൽ നിന്ന് 63 കിലോമീറ്റർ പടിഞ്ഞാറ് കുബിങ്ക പട്ടണത്തിൽ ഒന്നും, വാല്യൂവോ ഗ്രാമത്തിനു സമീപം രണ്ട് ഡ്രോണുകളും വെടിവച്ചിട്ടതായി ആർഐഎ റിപ്പോർട്ട് ചെയ്തു. കുബിങ്കക്കു സമീപമാണ് റഷ്യൻ വിമാനത്താവളം.
അതേസമയം, യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഭീകര ഭരണത്തിന് ധനസഹായം നല്‍കുന്നതായി റഷ്യന്‍ വക്താവ് കുറ്റപ്പെടുത്തി. ഈ നീക്കം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.