മാർപാപ്പായുടെ പ്രതിനിധിയും ഡിക്കാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റിയുടെ പ്രിഫെക്ടുമായ കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി യുക്രൈനിലെ ഡ്രോൺ ആക്രമണം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ലിവിവിൽ എത്തി. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി മേഴ്‌സി ഹൗസ് ഓഫ് ഷെൽട്ടർ തുറന്നുകൊണ്ടാണ് പാപ്പായുടെ പ്രതിനിധി അനേകർക്ക് ആശ്വാസമേകുന്നത്. ഇത് ഏഴാം പ്രാവശ്യമാണ് ഈ ആവശ്യവുമായി ബന്ധപ്പെട്ട് കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി യുക്രൈനിലെത്തുന്നത്.
2022 ഫെബ്രുവരി 24 -ന് യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ മേഴ്‌സി ഹൗസ് ഓഫ് ഷെൽട്ടർ നിർമ്മാണത്തിലായിരുന്നു. യുദ്ധത്തിനിടയിലാണ് ഇതിന്റെ പ്രധാന നിർമ്മാണജോലികൾ നടന്നത്. വളരെയധികം വെല്ലുവിളികൾക്കിടയിലാണ് ഈ ഷെൽട്ടറിന്റെ പണി പൂർത്തിയാക്കിയതെന്ന് കർദിനാൾ വെളിപ്പെടുത്തി. ഒന്നുകിൽ ജോലിക്കാരെ നിർബന്ധിത സൈനികസേവനത്തിനു വിളിക്കും. അല്ലെങ്കിൽ അപായസൈറണുകൾ മൂലം നിർമ്മാണപ്രവർത്തനത്തിൽ നിന്നും മണിക്കൂറുകളോളം മാറിനിൽക്കേണ്ടിവരും. ഇത്തരത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ അതിനൊക്കെ ശേഷം മനോഹരവും വിശാലവുമായ ഷെൽട്ടറാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ആൽബെർട്ടൈൻ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ഭവനം യുക്രൈനിലെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്ത ആളുകളെ പിന്തുണയ്ക്കുന്നതിനാണ് നിർമ്മിച്ചത്. പ്രത്യേകിച്ചും രാജ്യംവിടാൻ ഉദ്ദേശിക്കാത്ത, സുരക്ഷിതമെന്നു കരുതുന്ന ലിവിവിൽ അഭയംതേടുന്നവർക്ക് സഹായമാകുക എന്ന ലക്ഷ്യമാണ് മേഴ്‌സി ഹൗസ് ഓഫ് ഷെൽട്ടറിന്റെ നിർമ്മാണത്തിനു പിന്നിൽ. മേഴ്‌സി ഹൗസ് ഓഫ് ഷെൽട്ടർ നിർമ്മിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെയുള്ള വിവിധ ദാതാക്കൾ സഹായിച്ചു. അവിവാഹിതരായ അമ്മമാരും വിധവകളും, രാജ്യത്തിന്റെ സംരക്ഷണത്തിനായു ള്ള യുദ്ധത്തിൽ ഭർത്താക്കന്മാർ മരിച്ച സ്ത്രീകളും അവരുടെ കുട്ടികളുമായി ഈ ഭവനത്തിൽ താമസിക്കും. ഭവനരഹിതർക്കുള്ള സ്ഥലവും ഇതിലുണ്ടാകും.