“കൂടെ താമസിച്ചിരുന്ന പെൺകുട്ടികൾക്കൊപ്പം ഞാൻ തബ്ബു ചവയ്ക്കാൻ തുടങ്ങി. അത് ഉപയോഗിക്കാൻ അവർ എന്നെ നിർബന്ധിച്ചു. ആദ്യം അത് പുകയിലയിലേക്കും പിന്നീട് മറ്റു പലതിലേക്കും എത്തപ്പെട്ടു. ട്രമഡോളും പെത്തഡിനും ഉൾപ്പെടെ കുത്തിവയ്ക്കുന്ന മരുന്നുകളില്ലാതെ എനിക്ക് ഇപ്പോൾ പറ്റില്ല” – സൊമാലിയായിലെ അബ്ദി എന്ന ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ വാക്കുകളാണ് ഇത്. ഇവിടെ ഇപ്പോൾ സ്ത്രീകളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വിരൽചൂണ്ടുകയാണ് ഈ യുവതിയുടെ വാക്കുകൾ.
മയക്കുമരുന്നിന്റെ അമിതമായ ഉപയോഗത്തെ തുടർന്ന് അബ്ദിയുടെ ഭർത്താവുമായും വീട്ടിലും പ്രശ്നങ്ങൾ പതിവായി. ലഹരിമരുന്നുകൾ കിട്ടാതെവരുന്ന അവസരത്തിൽ ഈ യുവതി കൂടുതൽ ആക്രമണകാരിയായി മാറി. ഇതോടെ തകർന്ന കുടുംബജീവിതവും വിവാഹമോചനവും അബ്ദിയെ തേടിയെത്തി.
“ഞാൻ കഠിനമായ മയക്കുമരുന്നിന് അടിമയാകാൻ കാരണം എന്റെ മുൻകാലമാണ്. ലഹരിക്കായുള്ള എന്റെ ആസക്തി വളരെ കൂടുതലായതിനാൽ പലപ്പോഴും എനിക്ക് സ്വബോധം നഷ്ടപ്പെട്ടിരുന്നു. അങ്ങനെ പല രാത്രികളിലും ഞാൻ കാറുകളിലും തെരുവുകളിലും ഉറങ്ങാൻ തുടങ്ങി. കഴിഞ്ഞകാലങ്ങളിൽ സംഭവിച്ചതിനെയോർത്ത് ഇന്ന് ഞാൻ ദുഃഖിക്കുന്നു. ഒരു തിരിച്ചുവരവിനു ഒരുങ്ങുകയാണ് ഞാൻ. പക്ഷേ, അത് വളരെ പ്രയാസകരമാണ്” – അബ്ദി പറയുന്നു.
തനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കുന്നതിനായാണ് അബ്ദി തന്റെ അനുഭവങ്ങൾ വെളിപ്പെടുത്താൻ തയ്യാറായത്. ഇന്ന് തന്റെ ഇളയ മകൾക്കൊപ്പം കഴിയുകയാണ് വിവാഹമോചനം നേടിയ അബ്ദി.
സ്കൂൾ കുട്ടികൾക്കിടയിൽ വർദ്ധിക്കുന്ന ലഹരി ഉപയോഗം
സൊമാലിയായിൽ ഇന്ന് മാതാപിതാക്കൾ വലിയ ആശങ്കയിലാണ്; പ്രത്യേകിച്ചും പെൺകുട്ടികളുടെ അമ്മമാർ. കാരണം ഇന്ന് ഈ രാജ്യത്ത് മയക്കുമരുന്ന് മാഫിയകൾ ലക്ഷ്യമിടുന്നത് സ്കൂളിൽ പഠിക്കുന്ന കൗമാരക്കാരികളായ പെൺകുട്ടികളെയാണ്.
പതിനാലു വയസുള്ള തന്റെ മകൾ അസാധാരണമായ രീതിയിൽ പെരുമാറാൻ തുടങ്ങിയപ്പോളാണ് ഖാദിജോ അദാൻ എന്ന അമ്മ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പതിവില്ലാത്ത സമയത്തുള്ള ഉറക്കവും ദേഷ്യവും ആ അമ്മയിൽ സംശയങ്ങൾ സൃഷ്ടിച്ചു. അവർ മകളുടെ ബാഗ് പരിശോധിച്ചപ്പോൾ ചവയ്ക്കുന്ന തരത്തിലുള്ള മയക്കുമരുന്നുകളും പുകയിലയും ലഭിച്ചു. ഇതേ തുടർന്ന് മകളെ ചോദ്യം ചെയ്ത ആ അമ്മയ്ക്ക് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അറിയാൻ കഴിഞ്ഞത്. കൂട്ടുകാരുടെ നിർബന്ധപ്രകാരമാണ് അവൾ മയക്കുമരുന്ന് ഉപയോഗിക്കാൻ ആരംഭിച്ചത്. പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയിലെത്തി. ആ പെൺകുട്ടി മാത്രമല്ല, അവൾ പഠിക്കുന്ന സ്കൂളിലെ ഒട്ടുമിക്ക കുട്ടികളും ലഹരിക്ക് അടിമകളായിരുന്നു.
അപകടത്തിലാക്കുന്ന തെരുവുകുട്ടികൾ
മയക്കുമരുന്നിന്റെ ഉപയോഗം അപകടകരമായ വിധത്തിൽ കൂടിയിരിക്കുന്ന മറ്റൊരു വിഭാഗം തെരുവുകളിൽ കഴിയുന്ന കുട്ടികളാണ്. പ്രത്യേകിച്ച് നിയന്ത്രിക്കാനോ, ശ്രദ്ധിക്കാനോ ആരും ഇല്ലാത്തതിനാൽ തന്നെ ഇത്തരം കുട്ടികളിൽ അവയുടെ അനിയന്ത്രിതമായ ഉപയോഗവും വർദ്ധിക്കുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനാവശ്യമായ പണത്തിനായി കുട്ടികൾ ചെറുപ്രായത്തിൽ തന്നെ അക്രമങ്ങളിലേക്കും മറ്റു പല പ്രവർത്തികളിലേക്കും തിരിയുന്നതും ഇവിടെ പതിവുകാഴ്ചയായി മാറുകയാണ്.
സ്ത്രീ-മനുഷ്യാവകാശ വികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് തെരുവുകുട്ടികളിൽ 40 % -ത്തിലധികം പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നു. സൊമാലിയായിലെ തെരുവുകുട്ടികളിൽ അഞ്ചിലൊന്ന് പെൺകുട്ടികളാണ്. 10 % പേർ ആറ് വയസിന് താഴെയുള്ളവരാണ്.
കഴിഞ്ഞ നാൽപതു വർഷത്തിനിടെ രൂക്ഷമായ വരൾച്ചയും ക്ഷാമവുമാണ് സൊമാലിയ നേരിടുന്നത്. സൊമാലിയയുടെ പരിമിതമായ വിഭവങ്ങൾക്ക് മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലും മയക്കുമരുന്ന് ഇവിടുത്തെ ജനങ്ങളെ പിടിമുറുക്കുകയാണ്. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി വിടവ് നികത്താനുള്ള ശ്രമത്തിലാണ് ഏതാനും ചെറുകിട സംഘടനകൾ.
വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ
സ്ത്രീകളുടെയും യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ വർദ്ധിക്കുന്ന ലഹരിമരുന്നിന്റെ ഉപയോഗം രാജ്യത്താകമാനം കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനു കാരണമായി മാറി. ഗവേഷണ സ്ഥാപനമായ സൊമാലിയൻ പബ്ലിക് അജണ്ടയുടെ അഭിപ്രായത്തിൽ, മൊഗാദിഷുവിലുടനീളം ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘സിയാൽ വീറോ’ എന്ന് അറിയപ്പെടുന്ന തെരുവുസംഘങ്ങളുടെ ഉത്ഭവത്തിനു പിന്നിലും മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവുമായിരുന്നു.
ചില സന്ദർഭങ്ങളിൽ, തെക്കു-പടിഞ്ഞാറൻ ബൈഡോവ പോലെയുള്ള നഗരങ്ങളിൽ സ്ത്രീകളെ മുതലെടുക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു. ഇവിടങ്ങളിൽ മയക്കുമരുന്ന് നൽകി സ്ത്രീകളെ ദുരുപയോഗിക്കുന്നത് നിത്യസംഭവമായി മാറുകയാണ്. ഇതിനെതിരെ പല പ്രവർത്തനങ്ങളും നടക്കുന്നുണ്ട് എങ്കിലും പലപ്പോഴും മയക്കുമരുന്നിന്റെ ലഭ്യത ഇല്ലാതാക്കാൻ സർക്കാരിനോ മറ്റു മാർഗ്ഗങ്ങൾക്കോ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.