സംസ്ഥാനത്ത് പുതിയ അധ്യായനവർഷം ആരംഭിക്കാനിരിക്കെ ആശങ്ക ഉയർത്തി എക്സൈസ് ഇന്റലിജൻസിൻറെ റിപ്പോർട്ട്. ലഹരി മാഫിയാകൾ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ലക്ഷ്യമിടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇന്റലിജൻസ് പുറത്തുവിട്ടത്. എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൻറെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
കഴിഞ്ഞ അധ്യായനവർഷം 250 സ്കൂളുകളായിരുന്നു ഇൻറലിജൻസ് തയ്യാറാക്കിയ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ഈ വർഷം ഇത് കുത്തനെ ഉയർന്നതായാണ് കണക്കുകൾ. 1100 സ്കൂളുകളാണ് ഈ വർഷം ലഹരി മാഫിയ ലക്ഷ്യമിട്ടിരിക്കുന്നത്. ഈയാഴ്ച മുതൽ തന്നെ ഹിറ്റ്ലിസ്റ്റിലുള്ള സ്കൂൾ പരിസരങ്ങളിൽ ഉദ്യോഗസ്ഥർ മഫ്തിയിൽ പട്രോളിംങ് നടത്തുമെന്നാണ് വിവരം.
വിദ്യാലയപരിസരങ്ങളിൽ കണ്ടെത്തുന്ന ലഹരി ഉപയോഗം, കേസുകളുടെ എണ്ണം, ലഹരി സംഘങ്ങളുമായി കുട്ടികൾക്കുള്ള സമ്പർക്കം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കാൻ പരിഗണിക്കുന്നത്. തുടർന്ന് പട്ടികയിലുള്ള വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയാണ് രീതി. അതേസമയം, ഈ വർഷം ലഹരി മാഫിയകളുടെ പ്രവർത്തനങ്ങളെ തടയാൻ കടുത്ത നടപടികളാണ് എക്സൈസ് തയ്യാറാക്കിയിരിക്കുന്നത്. അതിനായി പട്ടികയിലുള്ള സ്കൂൾ പരിസരങ്ങളിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥനെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ സ്കൂൾ ജാഗ്രത സമിതികൾ, പി.ടി.എ എന്നിവരും ഏറെ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്.