Wednesday, November 27, 2024

മയക്കുമരുന്നു കടത്ത്; രണ്ടാഴ്ചക്കിടെ മൂന്നുപേരെ തൂക്കിലേറ്റി സിംഗപ്പൂര്‍ ഭരണകൂടം

മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് ഒരാളെക്കുടി തൂക്കിലേറ്റി സിംഗപ്പൂര്‍ ഭരണകൂടം. 39 കാരനായ മുഹമ്മദ് സലഹ് അബ്ദുൾ ലത്തീഫ് എന്നയാളുടെ ശിക്ഷയാണ് വ്യാഴാഴ്ച ഭരണകൂടം നടപ്പിലാക്കിയത്. രണ്ടാഴ്ചക്കിടെ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് സിംഗപൂരില്‍ തൂക്കിലേറ്റുന്ന മൂന്നാമത്തെ സംഭവമാണിത്.

54 ഗ്രാം (1.9 ഔൺസ്) ഹെറോയിൻ കടത്തിയതിന് 2019ലാണ് മുഹമ്മദ് സലഹ് നെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് സെൻട്രൽ നാർക്കോട്ടിക് ബ്യൂറോ പറയുന്നു. 2016 ൽ അറസ്റ്റിലാകുന്നതിന് മുന്‍പ് ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍, തന്‍റെ സുഹൃത്ത് നല്‍കിയ ബാഗ് കൈമാറിയതിനിടയില്‍ അറസ്റ് ചെയ്യപ്പെടുകയായിരുന്നു. ഇത് വിചാരണാവേളയില്‍ കോടതിയില്‍ അറിയിച്ചതായി രേഖകള്‍ പറയുന്നു. സുഹൃത്തിനെ വിശ്വാസമായിരുന്നതിനാൽ ബാഗ് പരിശോധിക്കാറില്ലെന്നും സലഹ് പറഞ്ഞെങ്കിലും ശിക്ഷ നടപ്പാക്കുകയായിരുന്നു.

അതേസമയം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നുപേരെ ഭരണകൂടം തൂക്കിലേറ്റിയത്. മയക്കുമരുന്ന് കടത്തിന്റെ പേരിൽ 20 വർഷത്തിനിടെ സിംഗപ്പൂർ ആദ്യത്തെ സ്ത്രീയെ വധിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സലഹിന്റെ വധശിക്ഷ നടപ്പാക്കുന്നത്. 45 കാരിയായ സരിദേവിയെ വെള്ളിയാഴ്ചയായിരുന്നു തൂക്കിലേറ്റിയത്.

 

Latest News