Friday, April 18, 2025

മദ്യത്തിന്റെ ഉത്പാദനവും ലഭ്യതയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ മറുവശത്ത് ലഹരിമരുന്നുകളുടെ കുത്തൊഴുക്ക്

മദ്യത്തിന്റെ ഉത്പാദനവും ലഭ്യതയും വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുമ്പോള്‍ മറുഭാഗത്ത് മാരക ലഹരിമരുന്നുകള്‍ കേരളത്തില്‍ പിടിമുറുക്കുകയാണ്. പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വര്‍ധന, വില്‍പ്പനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന, വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയിലെ അതിവേഗ വ്യാപനം എന്നിവയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ലഹരിമരുന്നുകളുടെ അളവില്‍ കഴിഞ്ഞ വര്‍ഷം വലിയ വര്‍ധന ഉണ്ടായെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്ന കഞ്ചാവില്‍ 5632.6 കിലോഗ്രാം പിടിച്ചെടുത്തതായി എക്‌സൈസ് കമ്മീഷണറുടെ കാര്യലയം വ്യക്തമാക്കുന്നു. അതുപോലെ തന്നെ വലിയ അളവില്‍ ഹാഷിഷ് ഓയിലും എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിവീണ ലഹരിമരുന്നിന്റെ മാത്രം കണക്കാണിത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള കേസുകളിലും വന്‍ വര്‍ധനവാണുള്ളത്. 2011-16 കാലയളവില്‍ 4497 എന്‍ഡിപിഎസ് (നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ്) കേസ് രജിസ്റ്റര്‍ ചെയ്തത് 2016-21ല്‍ 29,501 ആയി ഉയര്‍ന്നു. എക്സൈസ് നടപടി ശക്തമാക്കിയതും ലഹരി ഉപയോഗത്തിലുണ്ടായ വര്‍ധനയും കേസുകളുടെ എണ്ണം കൂടാന്‍ കാരണമായി.

മയക്കുമരുന്നു കടത്തും വില്‍പ്പനയും ഉപയോഗവും തടയാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ പോലീസും എക്‌സൈസും നടത്തുന്നുണ്ട്. മയക്കുമരുന്നുകള്‍ക്കെതിരായ ബോധവല്‍ക്കരണവും സമാന്തരമായി നടത്തുന്നു. പക്ഷേ, കര്‍ക്കശ നടപടികളെടുക്കാന്‍ കിട്ടുന്ന അവസരം നേരെ വിപരീതമായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരളത്തിലെ മദ്യ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി 2022 ഫെബ്രുവരിയില്‍ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഏറ്റവും പുതിയ കണക്ക് പുറത്ത് വന്നിരിന്നു. നാല് വര്‍ഷം മുമ്പുള്ള സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മദ്യ ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം മദ്യ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കാന്‍ കെല്‍പ്പുള്ളതാണ്. ഇതോടെ ഒരു വശത്ത് മദ്യവും മറുഭാഗത്ത് ലഹരിമരുന്നും കൊണ്ട് കേരളം വലിയ ദുരന്തത്തിലേയ്ക്കാവും നീങ്ങുക.

 

Latest News