Wednesday, May 14, 2025

“അവർ ഞങ്ങളെ കൂട്ടക്കൊല ചെയ്യുന്നു”: വിഭാഗീയ അക്രമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായത്തിനായി അപേക്ഷിച്ച് ഡ്രൂസ്

സിറിയയിലെ ഡ്രൂസ് ന്യൂനപക്ഷവും പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ പുതിയ സർക്കാരും തമ്മിലുള്ള സംഘർഷം സമീപ ദിവസങ്ങളിൽ വർധിച്ചിരിക്കുകയാണ്. ഇതിനിടയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് 73 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണങ്ങളിൽ പങ്കില്ലെന്ന് സിറിയൻ സർക്കാർ പറയുന്നുണ്ടെങ്കിലും, ‘ലക്ഷ്യമിട്ട അക്രമം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെടുകയാണ് ഡ്രൂസ് നേതാക്കൾ.

സിറിയയിലെ ഡ്രൂസ് സമൂഹത്തിന്റെ ആത്മീയനേതാവായ ഷെയ്ഖ് ഹിക്മത്ത് അൽ-ഹിജ്‌രി, നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനാവാത്തതും ഭീകരത ഉദ്ദേശിച്ചുള്ളതുമാണെന്നു പറഞ്ഞു. ഭയം വിതയ്ക്കാൻ ലക്ഷ്യമിട്ടുള്ള അക്രമണങ്ങളാണ് ഇതെന്നും രക്തച്ചൊരിച്ചിൽ തടയാൻ അന്താരാഷ്ട്ര സഹായവും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സിറിയയ്ക്കു പുറത്തുള്ള ഡ്രൂസ് സമൂഹങ്ങൾക്കിടയിലും ഈ അസ്വസ്ഥത പ്രതിഷേധങ്ങൾക്കു കാരണമായിട്ടുണ്ട്.

ഇസ്രായേലിൽ, ഡ്രൂസ് പ്രകടനക്കാർ ഇസ്രായേൽ സർക്കാരിനോട് സിറിയയിലെ തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടു. ജിഹാദിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ മുൻ നേതാവായ പ്രസിഡന്റ് അൽ-ഷറ, അധികാരമേറ്റതിനുശേഷം ഡ്രൂസിനെ രാഷ്ട്രീയമായും സൈനികമായും മാറ്റിനിർത്തുന്നതിന് വിമർശനം നേരിട്ടു.

സിറിയയിൽ അര ദശലക്ഷത്തിലധികം ഡ്രൂസ് വംശജരാണ് താമസിക്കുന്നത്. പ്രധാനമായും തെക്കൻ പ്രവിശ്യയായ സുവൈദയിലാണ് അവർ താമസിക്കുന്നത്. ഇത് പ്രാദേശിക ജനസംഖ്യയുടെ 90 ശതമാനത്തോളം വരും. ജരാമന, അഷ്‌റഫിയത്ത് സഹ്നയ, ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങൾ, ഖുനൈത്രയിലെ ഹാദർ പട്ടണം ഉൾപ്പെടെ എന്നിവിടങ്ങളിലും ചെറിയ സമൂഹങ്ങൾ താമസിക്കുന്നുണ്ട്.

അക്രമം രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സും അടിയന്തരയോഗം ചേർന്നു. “സിറിയയിലെ ഡ്രൂസ് സമൂഹത്തിനു ദോഷം വരാൻ ഇസ്രായേൽ അനുവദിക്കില്ല” – നെതന്യാഹുവും കാറ്റ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അതിർത്തിക്കപ്പുറത്തുള്ള ഡ്രൂസുമായി ചരിത്രപരവും കുടുംബപരവുമായ ബന്ധം പങ്കിടുന്ന ഇസ്രായേലിലെ ഡ്രൂസ് സഹോദരന്മാരോട് തങ്ങൾക്ക് ആഴമായ പ്രതിബദ്ധതയുണ്ടെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News