യാത്രാ രംഗത്ത് പുതിയ വിപ്ലവുമായി യുഎഇ. 2026 ഓടെ എമിറേറ്റിലുടനീളം എയര്‍ ടാക്സികള്‍ സജീവമാക്കാനാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര് ടി എ)യുടെ ലക്ഷ്യം.
സാധാരണ യൂബറിന്റെ വിലയില്‍ നിന്ന് വലിയ വ്യത്യാസമുണ്ടാകില്ലെന്നും ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സാധാരണ സേവനമായി കാലക്രമേണ എയര്‍ ടാക്സി മാറുമെന്നും ആര് ടി എയിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് ബഹ്റോസിയന്‍ പറഞ്ഞു.
അതേസമയം തന്നെ പദ്ധതിയുടെ തുടക്കത്തില്‍ ചാര്‍ജ് അല്പം ഉയര്ന്നതായിരിക്കുമെങ്കിലും വിനോദസഞ്ചാരികളും ബിസിനസുകാരും ഉള്‍പ്പെടെ നഗരത്തില്‍ താമസിക്കുന്ന നിരവധി ആളുകള്‍ക്ക് ഇത് ദൈനംദിന ഗതാഗത മാര്‍ഗ്ഗമായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അഹമ്മദ് ബഹ്റോസിയന്‍ വ്യക്തമാക്കുന്നു.
ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നഗരത്തിലെ പുതിയ എയര്‍ ടാക്സി സ്റ്റേഷനുകളുടെ രൂപകല്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ആര് ടി എ പുതിയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് രംഗത്ത് വന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ടാക്സികള്‍ പ്രവര്‍ത്തിക്കുമെന്നാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കുന്നത്.