ചൂട് കൂടുന്ന സാഹചര്യത്തില്‍ ഡസ്റ്റ് ഡവിള്‍ ടൊര്‍ണാഡോ പോലുള്ള പ്രതിഭാസങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍. സാധാരണ ഗതിയില്‍ മണല്‍ നിറഞ്ഞ പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ കാണാറുള്ളത്. അമേരിക്കയില്‍ കണ്ടുവരുന്ന ടൊര്‍ണാഡോയുടെ ചെറിയ രൂപമാണ് ഡസ്റ്റ് ഡവിള്‍. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് അപ്രതീക്ഷിത ഡസ്റ്റ് ഡവിള്‍ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. മൈതാനത്തിന്റെ മധ്യത്താണ് പൊടി ചുഴിയായി ഉയര്‍ന്ന് പൊങ്ങിയത്.
ഡസ്റ്റ് ഡവിള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുമെന്നാണ് മെറ്റ്ബീറ്റ് വെതര്‍ പോലുള്ള കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഭൂമിയുടെ ഉപരിതലത്തോട് ചേര്‍ന്നുണ്ടാകുന്ന ചൂടുള്ള വായു മുകളിലേക്കുയര്‍ന്ന് അതിന് തൊട്ടുമുകളിലുള്ള താരതമ്യേന ചൂടുകുറഞ്ഞ വായുവിലൂടെ സ്തൂപാകൃതിയില്‍ കടന്നുപോകുമ്പോഴാണ് ഇത്തരം പ്രതിഭാസമുണ്ടാകുക. ഏതാനും മീറ്ററുകള്‍ മുതല്‍ 1,000 മീറ്റര്‍ ഉയരത്തില്‍ വരെ ഡസ്റ്റ് ഡവിള്‍ പൊടിചുഴലി വീശാറുണ്ട്. ഇത്തരത്തില്‍ അതിവേഗം ചലിക്കുന്ന കാറ്റിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലെ പൊടിയും കലരുന്നു.
സാധാരണ ഗതിയില്‍ ഇത്തരം ചെറിയ കാറ്റ് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറില്ലെങ്കിലും ഗ്രൗണ്ടിലെ കസേരകളും മറ്റും പറന്നുപോകാന്‍ ഇടയുണ്ട്. ശക്തമായ ടൊര്‍ണാഡോകള്‍ കാറുകളെ വരെ പൊക്കിയെടുക്കാന്‍ കഴിവുള്ളവയാണ്. അമേരിക്കയില്‍ ശക്തമായ ടൊര്‍ണാഡോകള്‍ വലിയ നാശനഷ്ടം വരുത്താറുണ്ട്.
സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡസ്റ്റ് ഡവിള്‍ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ ചൂടാണ് റിപ്പോര്‍ട്ട് ചെയ്തത്.