കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ മരിച്ചു. കോട്ടയം സ്വദേശിനിയും കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനുമായ വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.
പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ യുവ ഡോക്ടർ കൊല്ലപ്പെടുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വന്ദനയെ പുലർച്ചെ തിരുവനന്തപുരത്തെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
പ്രതിയുടെ ആക്രമണത്തിൽ അഞ്ചിലേറെ തവണ വന്ദനയ്ക്കു കുത്തേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കു കയറിയതാണ് ജീവൻ നഷ്ടമാകാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.