Wednesday, December 4, 2024

ഇ. എസ്. എ. അന്തിമ റിപ്പോർട്ട് – സംസ്ഥാന സർക്കാർ ജനങ്ങളോട് നീതി പുലർത്തണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

ഇ. എസ്. എ. അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങൾക്കുണ്ടായിട്ടുള്ള നിരവധി ആശങ്കകൾ പരിഹരിച്ച് സുതാര്യമായ  നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. 2024 ജൂലൈ 31 നു പ്രസിദ്ധീകരിച്ച ആറാമത്തെ കരടുവിജ്ഞാപനത്തിനെതിരെ ജനങ്ങൾക്ക് ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള കാലാവധിയായ 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇ. എസ്. എ. മാപ്പുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. കോടതി ഉത്തരവായിട്ടും ഇതുവരെ കരടുവിജ്ഞാപനത്തിന്റെ മലയാള പരിഭാഷ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല.

98 വില്ലേജുകളിലെ റിസർവ് ഫോറസ്റ്റ് വിസ്തൃതിയായി സർക്കാർ ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നു എന്നുപറയുന്ന 8,590.69 ച. കി. മീ. ഇ. എസ്. എ. എന്നത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെയും 2018 ൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട്‌ അടക്കമുള്ള രേഖകളിലെയും തെറ്റുകളുടെ ആവർത്തനമാണ്. കരടുവിജ്ഞാപനങ്ങളിൽ നൽകിയിട്ടുള്ള 9,107 ച. കി. മീ. ഫോറസ്റ്റ് 123 വില്ലേജുകളിലെ ഫോറസ്റ്റ് ഏരിയ എന്ന തെറ്റായ വിസ്തൃതി തിരുത്തിനൽകാൻ സംസ്ഥാന സർക്കാരുകൾ കാണിച്ച അമാന്തത്തിന്റെ തുടർച്ചയാണിത്. എത്രയും പെട്ടെന്ന് ഇത് തിരുത്തി അഡൻണ്ടം നൽകാൻ സർക്കാർ തയ്യാറാവണം.

ഒരുമാസം മുൻപ് സർക്കാർ നൽകിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് ഗ്രാമസഭകളിൽ ചർച്ച ചെയ്യാതെയാണ് നൽകിയിരിക്കുന്നത്. ഇതും അടിയന്തരമായി ഗ്രാമസഭകളിൽ ചർച്ച ചെയ്ത് തെറ്റ് തിരുത്തണം. ഇപ്പോഴത്തെ റിപ്പോട്ടിലും റവന്യൂ വില്ലേജുകളുടെ പേരിലാണോ ഇ. എസ്. എ. ഏരിയ അറിയപ്പെടുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം. ആണെങ്കിൽ അത് തിരുത്തിനൽകാൻ തയ്യാറാവണം. സംസ്ഥാന സർക്കാർ സമർപ്പിച്ചു എന്ന് അവകാശപ്പെടുന്ന അവസാന റിപ്പോർട്ട് എന്തുകൊണ്ടാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തത് എന്നു വ്യക്തമാക്കണം.

2018 ൽ സംസ്ഥാന സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നൽകിയ 92 വില്ലേജുകളുടെ  ഇ. എസ്. എ. റിപ്പോർട്ട്‌ കേന്ദ്രം അംഗീകരിക്കാതെവന്ന സാഹചര്യത്തിൽ പുതിയ റിപ്പോർട്ട് നൽകുന്നതിനുപകരം 123 വില്ലേജുകളെ 131 വില്ലേജുകളായി വിഭജിച്ചു വർധിപ്പിച്ചുകാണിച്ച്  2018 ലെ അതെ റിപ്പോർട്ടിൽ ആറു വില്ലേജുകൾകൂടി  ഉൾപ്പെടുത്തി 98 വില്ലേജുകളായി വീണ്ടും സമർപ്പിച്ച് റിപ്പോർട്ട് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. മലബാർ മേഖലയിലടക്കം 20 ശതമാനത്തിൽ താഴെ വനവും നൂറിലധികം ജനസാന്ദ്രതയുമുള്ള നിരവധി വില്ലേജുകളെ, സമാന രീതിയിലുള്ള മറ്റു വില്ലേജുകളെ 2018 ലെ റിപ്പോർട്ടിൽ ഒഴിവാക്കിയതുപോലെ ഒഴിവാക്കാതെ ഇ. എസ്. എ. ആയി നിലനിർത്തുന്ന സംസ്ഥാന സർക്കാരിന്റെ നാടപടി അവസാനിപ്പിക്കണം.

മറ്റു സംസ്ഥാനങ്ങളൊന്നും അന്തിമവിജ്ഞാപനം ആവശ്യപ്പെടാത്ത സാഹചര്യത്തിൽ കേരളം മാത്രം, സംഭവിച്ച തെറ്റുകൾ തിരുത്തി അന്തിമ റിപ്പോർട്ട്‌ നൽകാതെ, ധൃതി പിടിച്ച് പാർലമെന്റിൽ  കേരളത്തിനായി പ്രത്യേക വിജ്ഞാപനം ആവശ്യപ്പെടുന്നത് നിരവധി സംശയങ്ങൾക്ക് ഇടവരുത്തുന്നു. മലയോരമേഖലയിലെ ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന ഇ. എസ്. എ. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് നീതിപൂർണ്ണമായ സമീപനം പ്രതീക്ഷിക്കുന്നു.

ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ചെയർമാൻ, സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News