ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുകെ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസാ (ഇ-വിസ) സൗകര്യം ഒരാഴ്ചക്കുള്ളിൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച പ്രഖ്യാപനം യുകെ- യിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, വിക്രം ദൊരൈസ്വാമി നടത്തി. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം.
“ഇ-വിസ പുനഃസ്ഥാപിക്കുന്നത് യുകെ- യിൽ നിന്നുള്ള സുഹൃത്തുക്കളെ ഇന്ത്യയിലേക്ക് കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ പ്രാപ്തരാക്കും” – ഹൈക്കമ്മീഷണർ പറഞ്ഞു. ഈ ആഴ്ച മുതൽ ഇന്ത്യയിലേക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. സിസ്റ്റം അപ്ഗ്രേഡ് പ്രക്രിയ നടക്കുന്നുണ്ടെന്നും ഇ-വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഇന്ത്യൻ വിസ വെബ്സൈറ്റ് ഉടൻ തയ്യാറാകുമെന്നുമാണ് അറിയിപ്പ്.
കഴിഞ്ഞ മാസം ജി-20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും, യുകെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്കും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ ഇ-വിസ വിഷയവും പരാമർശിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. അടുത്ത മാസങ്ങളിൽ ഇന്ത്യയിലേക്കുള്ള വിസകൾക്കായി വൻതിരക്ക് രൂപപ്പെടാനിരിക്കെയുള്ള ഈ നീക്കം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടുകഴിഞ്ഞു.