ഇരുപത്തിനാല് മണിക്കൂര്‍ തികച്ചെടുക്കാതെ ഭ്രമണം പൂര്‍ത്തിയാക്കി ഭൂമി. പതിവിന് വിപരീതമായി ജൂണ്‍ 29-നാണ് ഭൂമി അതിവേഗത്തില്‍ കറക്കം പൂര്‍ത്തിയാക്കിയത്. സാധാരണയായി ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂറാണ് ഭൂമി എടുക്കുന്നത്. അതില്‍നിന്ന് 1.59 മില്ലി സെക്കന്‍ഡ് കുറച്ചു സമയം മാത്രമേ ജൂണ്‍ 29 ന് കറക്കം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് വേണ്ടിവന്നുള്ളൂ. അതോടെ ഇതുവരെയുള്ളതിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസമായി ജൂണ്‍ 29 മാറുകയും ചെയ്തു.
ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന അറ്റോമിക് ക്ലോക്കാണ് ഭൂമിയുടെ ഭ്രമണവേഗവുമായി ബന്ധപ്പെട്ട ഈ വ്യത്യാസം കണ്ടെത്തിയത്. 1960-ന് ശേഷം 2020 ജൂലൈ 19-നാണ് ഇതിനു മുന്‍പ് ഭൂമി കുറഞ്ഞ സമയംകൊണ്ട് കറങ്ങിവന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. അന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ 1.47 മില്ലി സെക്കന്‍ഡ് കൂടിയുള്ളപ്പോഴേക്കും ഭൂമി ഭ്രമണം പൂര്‍ത്തിയാക്കിയിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, ഭൂമിയുടെ ഭ്രമണം മന്ദഗതിയിലാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത്, ഇന്റര്‍നാഷണല്‍ എര്‍ത്ത് റൊട്ടേഷന്‍ ആന്‍ഡ് റഫറന്‍സ് സിസ്റ്റംസ് സര്‍വീസ് (IERS) സ്ലോ സ്പിന്നിനായി ലീപ്പ് സെക്കന്‍ഡുകള്‍ ചേര്‍ക്കാന്‍ തുടങ്ങി. 2016 ഡിസംബര്‍ 31 വരെയായിരുന്നു ഇത്. എന്നാല്‍ ഭൂമി അതിവേഗം കറങ്ങുന്നു എന്നായിരുന്നു പിന്നീട് ഗവേഷകരുടെ കണ്ടെത്തല്‍. ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതായി ആറ്റോമിക് ക്ലോക്കുകളും തെളിയിച്ചിട്ടുണ്ട്.
2020ല്‍ ഭൂമിയുടെ വേഗത്തിലുള്ള ചലനം കാരണം, ജൂലൈ മാസത്തെ ഏറ്റവും ചെറിയ മാസമായി കാണപ്പെട്ടിരുന്നു. ഭൂമിയുടെ വേഗതയില്‍ തുടര്‍ച്ചയായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹിമാനികള്‍ ഉരുകുന്നത്, ഭൂകമ്പങ്ങള്‍ എന്നിവയാണ് ഇതിന് കാരണം. സമുദ്രങ്ങള്‍, വേലിയേറ്റങ്ങള്‍ അല്ലെങ്കില്‍ കാലാവസ്ഥ എന്നിവയുടെ ആന്തരികവും ബാഹ്യവുമായ പാളികളിലെ തുടര്‍ച്ചയായ മാറ്റങ്ങള്‍ കാരണവും ഇത് സംഭവിക്കാം.