Monday, November 25, 2024

അഫ്ഗാനിസ്ഥാനെ പിടിച്ചുകുലുക്കി ഭൂചലനം: 30 മിനിട്ടിനിടയില്‍ മൂന്ന് ഭൂചലനങ്ങള്‍

നേപ്പാളിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളില്‍ ശക്തമായ മൂന്ന് ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെ അരമണിക്കൂറിനുള്ളിലാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. എന്നാല്‍ ഭൂചലനത്തില്‍ ജീവഹാനിയോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

12.11ന് അനുഭവപ്പെട്ട ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. പിന്നാലെ 12: 19ന് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 12.42ന് ആയിരുന്നു മൂന്നാം ഭൂചലനം. ഇത്തവണ 6.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ചൊവ്വാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ നാല് ഭൂകമ്പങ്ങള്‍ നേപ്പാളിനെ ഞെട്ടിച്ചിരുന്നു. പിന്നാലെ ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന നഗരമായ ജോഷിമഠില്‍ നിന്ന് 206 കിലോമീറ്റര്‍ തെക്കുകിഴക്കും ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 284 കിലോമീറ്റര്‍ വടക്കും പടിഞ്ഞാറ് നേപ്പാളിലെ ദിപായല്‍ ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Latest News