Tuesday, November 26, 2024

നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി; സഹായ വാഗ്ദാനങ്ങളുമായി ഇന്ത്യ

നേപ്പാളില്‍ അതിശക്തമായ ഭൂചലനത്തില്‍ വലിയ നാശഷനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്ത്. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി നേപ്പാളില്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

ദുരന്തത്തില്‍ നാനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും 128 പേര്‍ മരിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപ്പാളിലെത്തി. അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തില്‍ നേപ്പാള്‍ നല്‍ഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന സ്ഥിരീകരണവും വന്നു.

നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സംശയിക്കുന്നത്. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയില്‍ യുപി, ഡല്‍ഹി, ബീഹാര്‍, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു.

വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഈ മേഖലയില്‍ ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ ഭൂകമ്പമാണ്.

 

Latest News