Tuesday, November 26, 2024

ഒന്‍പതു രാജ്യങ്ങളില്‍ ഭൂചലനം: ഒന്‍പതു പേര്‍ മരിച്ചു

ഇന്ത്യയുള്‍പ്പടെ ഒന്‍പതു രാജ്യങ്ങളിലുണ്ടായ ഭൂചലനത്തില്‍ ഒന്‍പതു മരണം. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തില്‍ 300 ല്‍ അധികം ആളുകള്‍ക്കു പരിക്കേറ്റിട്ടുണ്ട്.

റിക്‌ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ വിവിധ രാജ്യങ്ങളില്‍ ഉണ്ടായത്. ഇന്ത്യക്കു പുറമേ പാകിസ്താന്‍, അഫ്ഗാനിസ്താൻ, ചൈന, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാഖ്‌സ്ഥാന്‍, താജ്ക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ , കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് അഫ്‌ഗാനിസ്ഥാനിലെ ജർമിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പാക്കിസ്ഥാനിലെ സ്വാത് ജില്ലയില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 കെട്ടിടങ്ങള്‍ തകര്‍ന്നു. പത്തു വയസുകാരി ഉള്‍പ്പടെ രണ്ടു പേരാണ് സ്വാത് ജില്ലയില്‍ മരിച്ചത്. പരിക്കേറ്റ 250 -ഓളം ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 15 പേര്‍ക്കു നേരിയ പരിക്കുകള്‍ മാത്രമാണുള്ളത്.

ഇന്ത്യയില്‍ ഡൽഹി, ജമ്മു-കശ്മീർ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെ ആള്‍ നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Latest News