Friday, April 18, 2025

കിഴക്കന്‍ ആഫ്രിക്കയിലെ വരള്‍ച്ച: ഇവരുടെ കഷ്ടപ്പാടുകള്‍ക്ക് തുല്യമായ മറ്റൊന്നില്ല

വടക്കന്‍ കെനിയയിലെ തുര്‍ക്കാനയിലെ ലോമോപുത്ത് ഗ്രാമത്തില്‍, ഗ്രാമീണര്‍ മഴയ്ക്കായി കാത്തിരിക്കുകയാണ്, പ്രാര്‍ത്ഥിക്കുകയാണ്. പക്ഷേ മഴ പെയ്യുന്നില്ല.

ഇതിപ്പോള്‍ നാലാം സീസണിലും മഴ ലഭിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ കിഴക്കന്‍ ആഫ്രിക്ക അടുത്ത പതിറ്റാണ്ടുകളില്‍ കണ്ട ഏറ്റവും മോശമായ വരള്‍ച്ചകളിലൊന്നാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 3,600 കുടുംബങ്ങള്‍ താമസിക്കുന്ന തുര്‍ക്കാനയിലെ ഈ ഗ്രാമമാണ് വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്ന്.

അവിടുത്തെ ഭൂമി വരണ്ട് പൊടി നിറഞ്ഞ് തരിശായിരിക്കുകയാണ്. അവശേഷിക്കുന്ന കന്നുകാലികള്‍ ചാരനിറത്തിലുള്ള ഉണങ്ങിയ കുറ്റിച്ചെടികള്‍ തിന്നുന്നു. ആളുകള്‍ കിട്ടുന്നതെന്തും കഴിക്കുന്നു, പലപ്പോഴും ഒന്നും തന്നെ കഴിക്കാന്‍ ഉണ്ടാകാറുമില്ല.

ലോമോപുത്ത് ഗ്രാമത്തിലാണ് ജസീന്ത അറ്റാബോ ലോമലുക്ക് എന്ന സ്ത്രീയും താമസിക്കുന്നത്. അഞ്ച് കുട്ടികളുടെ അമ്മയായ അവരുടെ മൂത്തമകന്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുകയാണ്. തീര്‍ത്തും ദുര്‍ബലനായ ആ പന്ത്രണ്ടുകാരന് നടക്കാനോ ഒറ്റയ്ക്ക് നില്‍ക്കാനോ പോലും കഴിയില്ല. ഈ വരള്‍ച്ചയോളം മോശമായ സാഹചര്യം താന്‍ മുമ്പ് അനുഭവിച്ചിട്ടില്ലെന്ന് ജസീന്ത പറയുന്നു. ‘വരള്‍ച്ചയും പട്ടിണിയും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്, എന്നത്തേക്കാളും മോശമാണ്’. അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വരള്‍ച്ച ആരംഭിച്ചതിനുശേഷം, പോഷകാഹാരക്കുറവിന്റെ എണ്ണമറ്റ കേസുകള്‍ ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബം ഒരു ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂവെന്ന് ജസീന്ത പറയുന്നു. ആവശ്യത്തിന് ഭക്ഷണമില്ലാത്തതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മുന്‍ഗണന നല്‍കുന്നു.

”പട്ടിണി കിടക്കുന്നവരെ, പ്രത്യേകിച്ച് ഈ അവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ അടിയന്തര സഹായം ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” അവര്‍ പറയുന്നു. അല്ലാത്തപക്ഷം, കൂടുതല്‍ ആളുകള്‍ മരിക്കുമെന്ന് തങ്ങള്‍ ഭയപ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മഴയുടെ അഭാവം കൊണ്ടുള്ള പട്ടിണിയുടെ ആഘാതം അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളില്‍ ഒരാള്‍ മാത്രമാണ് ജസീന്ത.

‘മൂന്ന് വര്‍ഷമായി ഒരു ഇടപെടലും ഉണ്ടായിട്ടില്ല. പട്ടിണി ഞങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഞങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് ഞങ്ങളുടെ സഹചാരിയായി മാറിയിരിക്കുന്നു.’ നരോഗായ് ലോംഗ് എന്ന സ്ത്രീ പറയുന്നു. ‘ഭക്ഷണമില്ലാത്തതിനാല്‍ ഞങ്ങള്‍ അമ്മമാര്‍ സ്വയം ത്യാഗം ചെയ്യണം. ഉള്ളത് കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ നല്‍കണം’. അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കുടുംബങ്ങള്‍ നെട്ടോട്ടമോടുകയാണ്. ദശലക്ഷക്കണക്കിന് കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ഇടയകുടുംബങ്ങള്‍ ഭക്ഷണത്തിനും ഉപജീവനത്തിനുമായി ആശ്രയിക്കുന്ന കന്നുകാലികളും ചത്തൊടുങ്ങുന്നു.

യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത് കിഴക്കന്‍ ആഫ്രിക്കയിലെ 20 ദശലക്ഷം ആളുകള്‍ വരെ കടുത്ത പട്ടിണിയുടെ അപകടത്തിലാണെന്നാണ്. എത്യോപ്യ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സോമാലിയയില്‍ ജനസംഖ്യയുടെ 40% പട്ടിണിയുടെ ഭീഷണിയിലാണ്. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക. എത്യോപ്യയിലും സൊമാലിയയിലും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഇതിനകം തന്നെ അപകടകരമായ അവസ്ഥകളെ കൂടുതല്‍ വഷളാക്കുന്നു.

ദൂരെയാണെങ്കിലും, യുക്രെയ്‌നിലെ സംഘര്‍ഷവും ഈ ഭീഷണിയില്‍ പങ്കുവഹിക്കുന്നുണ്ട്. അത് ഭക്ഷ്യവില കുതിച്ചുയരാന്‍ കാരണമായി. ലോകത്തിന്റെ ശ്രദ്ധയും വിഭവങ്ങളും യുക്രെയ്ന്‍ ആകര്‍ഷിച്ചു. കിഴക്കന്‍ ആഫ്രിക്കയിലേക്ക് ആവശ്യമായ സഹായങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ എത്തുന്നില്ല.

‘ഇവിടെയുള്ള സാഹചര്യത്തിലേക്ക് ലോകം ശ്രദ്ധിക്കാന്‍ കഠിനമായി ശ്രമിക്കണം. ലോകത്തിന്റെ ശ്രദ്ധ ഇപ്പോള്‍ പൂര്‍ണ്ണമായും യുക്രെയ്‌നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അത് ഭയാനകമായ ഒരു പ്രതിസന്ധിയാണ്. ഞാന്‍ രണ്ട് സ്ഥലങ്ങളിലും പോയിട്ടുണ്ട്, പക്ഷേ ഞാന്‍ ഇവിടെ കണ്ട കഷ്ടപ്പാടുകള്‍ക്ക് തുല്യമായിരുന്നില്ല, മറ്റൊരിടത്തേതും’. വരള്‍ച്ച ബാധിതമായ വടക്കന്‍ കെനിയ സന്ദര്‍ശിച്ച, യുഎന്നിന്റെ മാനുഷിക കാര്യാലയത്തിന്റെ തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്സ് പറഞ്ഞു.

ഇതൊക്കെയാണ് സാഹചര്യമെങ്കിലും ലോമോപുത്ത് ഗ്രാമത്തിലെ നിവാസികള്‍ അതിജീവനത്തിനുള്ള കഠിന ശ്രമത്തിലാണ്. അവര്‍ക്ക് എത്ര ചെറിയ ഭക്ഷണമാണുള്ളതെങ്കിലും അവര്‍ അയല്‍ക്കാര്‍ക്കിടയില്‍ പങ്കിടുകയും പരസ്പരം ജീവന്‍ സംരക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുകയും ചെയ്യുന്നു.

 

Latest News