മുൻ തലമുറകളെക്കാൾ വളരെയേറെ തീവ്രമായ കാലാവസ്ഥാപ്രതിസന്ധിയാണ് ഇപ്പോഴത്തെ കുട്ടികൾ നേരിടുന്നതെന്ന വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. “തിരിച്ചവരാനാകാത്ത സ്ഥിതിക്കുമപ്പുറം” (Over the Tipping Point) എന്ന പേരിൽ ഏഷ്യ, പസഫിക് പ്രദേശങ്ങളിലെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രാദേശിക റിപ്പോർട്ടിൽ ആണ് ഈ കാര്യം വ്യക്തമാക്കുന്നത്.
ഏഷ്യ, പസഫിക് പ്രദേശങ്ങളിൽ ഏതാണ്ട് ഇരുപത്തിയൊന്ന് കോടിയിലധികം കുട്ടികളാണ് കൊടുങ്കാറ്റിന്റെ പ്രതികൂല സാഹചര്യത്തെ നേരിടേണ്ടി വരുന്നത്. പതിനാല് കോടിയോളം കുട്ടികൾ ജലദൗലഭ്യതയുടെയും പന്ത്രണ്ടു കോടി കുട്ടികൾ വെള്ളപ്പൊക്കത്തിന്റെയും നാല്പത്തിയാറു കോടിയോളം കുട്ടികൾ വായുമലിനീകരണത്തിന്റെയും ദുരിതഫലങ്ങളാണ് നേരിടേണ്ടിവരുന്നത്.
മറ്റു പ്രദേശങ്ങളെക്കാൾ പൂർവ്വ ഏഷ്യയിലെയും പസഫിക് പ്രദേശങ്ങളിലെയും കുട്ടികൾ വിവിധ രീതികളിലുള്ള പ്രകൃതി, കാലാവസ്ഥാ ദുരന്തങ്ങളെ നേരിടേണ്ടിവന്നേക്കാമെന്ന് യൂണിസെഫ് തങ്ങളുടെ റിപ്പോർട്ടിലൂടെ വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കുന്നതിനായി, സാമൂഹ്യസേവനരംഗവും, രാഷ്ട്രീയപദ്ധതികളും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് റിപ്പോർട്ട് അടിവരയിടുന്നു.
തങ്ങളുടെ മുത്തച്ഛന്മാരെക്കാൾ ആറിരട്ടി കാലാവസ്ഥാദുരിതങ്ങളെയാണ് ഇന്നത്തെ കുട്ടികൾ നേരിടേണ്ടിവരുന്നത്. കഴിഞ്ഞ 50 വർഷങ്ങളിൽ ഈ പ്രദേശങ്ങളിലെ വെള്ളപ്പൊക്കനിരക്ക് പതിനൊന്ന് ഇരട്ടിയാണ് വർദ്ധിച്ചത്. കൊടുങ്കാറ്റിന്റെ കാര്യത്തിൽ നാലിരട്ടി വർദ്ധനവുണ്ടായപ്പോൾ രണ്ടര ഇരട്ടിയോളം വരൾച്ചയും, അഞ്ചിരട്ടിയോളം മണ്ണിടിച്ചിലുകളും വർദ്ധിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.