ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ കണ്ടുകെട്ടിയത് ഏകദേശം 9000 കോടി മൂല്യമുള്ള പണവും മറ്റു വസ്തുക്കളുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പണം, മയക്കുമരുന്ന്, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങള്‍, വോട്ടര്‍മാര്‍ക്ക് സൗജന്യമായി നല്കാനിരുന്ന വസ്തുക്കള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മാര്‍ച്ച് 1 മുതല്‍ മെയ് 18 വരെയുള്ള സമയത്താണ് 8,889 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തത്. ഇതില്‍ 45 % ലഹരി വസ്തുക്കളാണ്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടെടുത്ത സാധനങ്ങളെക്കാള്‍ ഇരട്ടി മൂല്യമുള്ള വസ്തുക്കളാണ് ഇത്തവണ പിടിച്ചെടുത്തത്. 2019 ല്‍ ആകെ 3,476 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പിടിച്ചെടുത്ത പണം ഇത്തവണ 0.61 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മദ്യം കഴിഞ്ഞ തവണത്തേക്കാള്‍ 167.51 ശതമാനം അധികം ഇത്തവണ കണ്ടുകെട്ടി. പിടിച്ചെടുത്ത മയക്കുമരുന്ന് 209.31 ശതമാനവും വിലപിടിപ്പുള്ള ലോഹങ്ങള്‍ 27.68 ശതമാനവും കഴിഞ്ഞ തവണത്തേക്കാള്‍ അധികമാണ്. വോട്ടര്‍മാര്‍ക്ക് സൗജന്യമായി നല്‍കാനുള്ള വസ്തുക്കള്‍ 3,235.93 ശതമാനവുമാണ് വര്‍ധിച്ചിട്ടുള്ളത്.
തെലങ്കാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തിട്ടുള്ളത്. 114.41 കോടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനത്ത് നിന്ന് കണ്ടുകെട്ടിയത്. കര്‍ണാടകയില്‍ നിന്ന് 92.55 കോടി, ഡല്‍ഹിയില്‍ നിന്ന് 90.79 കോടി, ആന്ധാപ്രദേശില്‍ നിന്ന് 85.32 കോടി, മഹാരാഷ്ട്രയില്‍ നിന്ന് 75.49 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം കണ്ടെത്തിയിട്ടുള്ളത്. 175 .36 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. പശ്ചിമ ബംഗാള്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മദ്യം പിടിച്ചെടുത്തിട്ടുണ്ട്.