പണപ്പെരുപ്പത്തിലും കടക്കെണിയിലും കുടുങ്ങി പാകിസ്ഥാന്‍ വലയുന്നു. കരുതല്‍ ധന ശേഖരത്തില്‍ ഇനി ബാക്കിയുള്ളത് മൂന്നാഴ്ച ചെലവ് കഴിയാനുള്ള പണം മാത്രമാണ്. വില നിയന്ത്രണാവകാശം വിപണി ശക്തികള്‍ ഏറ്റെടുത്തതോടെ പാകിസ്ഥാനി രൂപ ഒമ്പതര ശതമാനത്തോളം തകര്‍ന്നടിഞ്ഞു. നിലവില്‍ 255 ഓളം പാകിസ്ഥാനി രൂപയാണ് ഒരു യുഎസ് ഡോളറിന്.
ഗണ്യമായ കടവും പ്രതിസന്ധി കടുപ്പിച്ച പ്രളയവും തിരിച്ചടിയ്ക്ക് ആക്കം കൂട്ടി. രാജ്യത്തിന്റെ കരുതല്‍ ധനശേഖരത്തില്‍ ഇനി ബാക്കിയുള്ളത് അഞ്ച് ബില്യണ്‍ ഡോളറില്‍ താഴെ മാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വിദേശത്തുനിന്ന് ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാനും മൂന്നാഴ്ച അരിഷ്ടിച്ച് കഴിയാനുമുള്ള പണമേ പാകിസ്ഥാന് കരുതലായുള്ളൂ. ജിഡിപിയുടെ പലമടങ്ങ് കടമുള്ള പാകിസ്ഥാന് കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റു രാജ്യങ്ങള്‍ കനിയുകയേ നിവൃത്തിയുള്ളൂ.
ഐഎംഎഫില്‍ നിന്ന് പണം കടം വാങ്ങാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ നടപ്പാക്കിയാല്‍ മാത്രമേ അനുവദിച്ച ഏഴ് ബില്യണ്‍ ഡോളര്‍ തരികയുള്ളൂ എന്നാണ് ഐഎംഎഫ് പറയുന്നത്. പല മാര്‍ക്കറ്റുകളിലും ഗോതമ്പുമാവിന് വരെ 3000 രൂപയോളം വിലവര്‍ദ്ധിച്ചതോടെ ഭക്ഷണത്തിനുവേണ്ടിയുള്ള തമ്മിത്തല്ല് വരെ പാകിസ്ഥാനില്‍ തുടങ്ങിക്കഴിഞ്ഞു.