രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ വിദേശയാത്രകള്‍ നടത്തുന്ന തിരക്കിലാണ് പാകിസ്താന് ഭരണകൂടം. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള വസ്തുക്കള്‍ക്ക് രാജ്യത്ത് വില വര്‍ദ്ധിക്കുകയും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പൊതുജനങ്ങള്‍ പ്രയാസപ്പെടുകയും ചെയ്യുന്നതിനിടെയാണ് സര്‍ക്കാരിന്റെ വിദേശയാത്രകള്‍.
ഇതില്‍ ഏറ്റവും വിവാദമായ യാത്ര പാക് അധീന കശ്മീര്‍ പ്രസിഡന്റ് ബാരിസ്റ്റര്‍ സുല്‍ത്താന്‍ മെഹമൂദ് ചൗധരിയുടെതാണ്. രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിനിടെ തുര്‍ക്കി, യുകെ, ബെല്‍ജിയം എന്നിവിടങ്ങളിലേക്കായിരുന്നു മെഹമൂദ് ചൗധരിയുടെ യാത്ര. രണ്ടാഴ്ചത്തെക്കായിരുന്നു ഈ സന്ദര്‍ശനം.
പാകിസ്താന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയ നേതാവെന്ന പേരും നിലവിലെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സ്വന്തമാക്കിയിരിക്കുകയാണ്. അവശ്യവസ്തുക്കള്‍ക്കും ഭക്ഷണസാധനങ്ങള്‍ക്കും വില റോക്കറ്റ് പോലെ ഉയരുന്നതിനിടെ രാഷ്ട്രീയക്കാര്‍ നടത്തുന്ന വിദേശയാത്രകളോട് പാകിസ്താന് പൗരന്മാരും കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്.
രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വിദേശയാത്ര നടത്തി വിനോദം കണ്ടെത്തുന്ന നേതാക്കള്‍ക്കെതിരെ പാക് ജനത തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും പരാജയപ്പെട്ട പാക് സര്‍ക്കാര്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുകയാണെന്നാണ് വിമര്‍ശനം. ഇതിനിടെ രാജ്യത്തെ സേനാ ജനറലുകളും രാഷ്ട്രീയക്കാരും തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തലുകളും അരങ്ങേറുന്നുണ്ട്.