കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഇന്ത്യയുടെ സാമ്പത്തികമേഖല വളരുന്നുണ്ടെങ്കിലും, ആ വളര്‍ച്ചയിലൂടെയുള്ള പണം ചിലരുടെ കൈകളിലേക്ക് മാത്രം ഒതുങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തൊഴില്ലായ്മ ചൂണ്ടികാണിച്ചും രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞയാഴ്ച നടത്തിയ സംവാദത്തിനിടെയാണ് രാജ്യത്തിന്റെ കഴിഞ്ഞ 10 കൊല്ലത്തെ സാമ്പത്തികരംഗത്തെ സംബന്ധിച്ച് ചോദ്യം ഉയര്‍ന്നത്.
”രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവ, ആരുടെ താത്പര്യമാണെന്നുള്ള ചോദ്യമാണ് വേണ്ടത്. രാജ്യത്തിന്റെ വളര്‍ച്ച ഏതുതരത്തില്‍, അവ ആര്‍ക്ക് ഗുണപ്രദമാകുമെന്നും അറിയണം. രാജ്യത്തിന്റെ വളര്‍ച്ചയോട് തന്നെ ചേര്‍ത്തു നിര്‍ത്തേണ്ടതാണ് തൊഴിലില്ലായ്മയുടെ കണക്കുകള്‍. അറിയണം. രാജ്യം വളരുന്നു. എന്നാല്‍ ധനം ഒരുവിഭാഗം ആളുകളിലേക്ക് മാത്രം കേന്ദ്രീകരിച്ചാണ് വളരുന്നത്. ആളുകള്‍ക്ക് നിരവധി തൊഴില്‍ ലഭിക്കുന്ന ഉത്പാദനക്ഷമമായ സാമ്പത്തികരംഗമാണ് രാജ്യത്തിന് ആവശ്യം.
രാജ്യത്തെ നിയമവ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിയവയൊന്നും തന്നെ സുതാര്യമല്ല. അതുകൊണ്ടാണ് എന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജ്യം മുഴുവന്‍ നടന്നത്.”രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ ഒറ്റ ആശയവും ഒറ്റമതവും ഒറ്റഭാഷയുമുള്ള രാഷ്ട്രമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.