ഇക്വഡോറില്‍ തിരഞ്ഞെടുപ്പിന് പത്തു ദിവസം മാത്രം അവശേഷിക്കെ പ്രസിഡന്റ് സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. ദേശീയ അസംബ്ലി അംഗമായ ഫെർണാണ്ടോ വില്ലവിസെൻസിയോയാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തയാളെ സുരക്ഷാസംഘം വെടിവച്ചുവീഴ്ത്തി.
ബുധനാഴ്ച ക്വിറ്റോയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മടങ്ങാനായി കാറിലേക്ക് കയറുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഫെർണാണ്ടോ വില്ലവിസെൻസിയോയുടെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. മൂന്നുതവണയാണ് 59-കാരനായ ഫെർണാണ്ടോ വില്ലവിസെൻസിയോയ്ക്ക് വെടിയേറ്റതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിയന്തിരചികിത്സകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇക്വഡോറിന്റെ നിലവിലെ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോയാണ് മരണം സ്ഥിരീകരിച്ചതായി അറിയിച്ചത്.
അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതിൽ മുൻനിരയിലുള്ള നേതാവായിരുന്നു ഫെർണാണ്ടോ. ഒന്നിലധികം തവണ വധഭീഷണി ലഭിച്ചിരുന്നതായി ആക്രമണം നടക്കുന്നതിന് അൽപംമുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഫെർണാണ്ടോയ്ക്ക് വെടിയേറ്റത്.
ഫെർണാണ്ടോയ്ക്കു പുറമേ അസംബ്ലി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയും രണ്ട് പൊലീസുകാരും ഉള്‍പ്പടെ വെടിവയ്പില്‍ 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്‍റ് ഗ്വില്ലര്‍മോ ലാസോ പ്രതികരിച്ചു.