ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഇഡിയുടെ കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാന ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് ആദ്യമായി പ്രിയങ്ക ഗാന്ധിയുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.
റിയൽ എസ്റ്റേറ്റ് ഏജന്റ് എച്ച് എൽ പഹ്വയിൽ നിന്ന് പ്രിയങ്ക ഗാന്ധി 2006 ൽ ഹരിയാനയിലെ ഫരീദാബാദിലെ അഞ്ച് ഏക്കർ കൃഷിയിടം വാങ്ങുകയും ഇതേ ഭൂമി 2010 ൽ ഇയാൾക്ക് തന്നെ വിൽക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഹരിയാന ഭൂമി തട്ടിപ്പ് കേസിൽ റോബർട് വാദ്രയുമായി അടുത്ത ബന്ധമുള്ള സി ടി തമ്പിയെ പ്രതിചേർത്തതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പേരും ഇഡി പരാമർശിക്കുന്നത്. എന്നാൽ സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
എച്ച് എൽ പഹ്വ മുഴുവൻ പണവും വാങ്ങാതെയാണ് പ്രിയങ്കയ്ക്കും സി ടി തമ്പിക്കും ഭൂമി നൽകിയതെന്നും 2010 ൽ ഇത് തിരികെ വാങ്ങിയെന്നും കുറ്റപത്രം വെളിപ്പെടുത്തുന്നു. റോബർട് വാദ്രയും തമ്പിയും തമ്മിലുള്ള ബന്ധം അന്വേഷിച്ചു വരികയാണെന്നും വാദ്രയുടെ ലണ്ടനിലെ ഭൂമി ഇടപാടുകളെ സംബന്ധിച്ചു അന്വേഷിക്കുന്നതായും ഇഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.