സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലായി 12 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിഎഫ്‌ഐ സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ ചാവക്കാട് മുനയ്ക്കകടവിലെ വീട്ടില്‍ ഉള്‍പ്പടെയാണ് പരിശോധന.
ഇഡിയുടെ കൊച്ചി ഓഫീസില്‍ നിന്നുളള സംഘമാണ് പരിശേധന നടത്തുന്നത്. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലേക്ക് ഹവാല പണം വന്നുവെന്ന വിവരം ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതും പരിശോധിക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തെ എന്‍ ഐ എ അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് ഇത് സംബന്ധിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുൽ അമീൻ്റെ മൂർക്കനാട്ടെ വീട്ടിലും, മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുൾ ജലീൽ, കാരാപ്പറമ്പ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.