ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സിയുടെ ഇ-മെയില്‍ സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാന്‍റെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ അനുബന്ധ സ്ഥാപനത്തിലെ ഈ-മെയില്‍ സെര്‍വര്‍ ഏതോ വിദേശ രാജ്യത്തുനിന്നും ഹാക്ക് ചെയ്ത് ചില വിവരങ്ങള്‍ ഓൺലൈനിൽ പ്രസിദ്ധീകരിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
മഹ്സ അമിനി എന്ന 22 കാരിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടയിലാണ് സര്‍ക്കാരിന് തലവേദനയായി ഹാക്കിങ് പ്രശ്നം ഉയർന്നുവരുന്നത്. രാജ്യത്തിന്റെ കര്‍ശനമായ ഇസ്ലാമിക് ഡ്രസ് കോഡ് പാലിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അമിനി പോലീസ് കസ്റ്റഡിയില്‍വച്ചാണ് മരണപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഇറാനില്‍ പരസ്യപ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. നിരവധി ആളുകളാണ് പ്രതിഷേധങ്ങള്‍ക്കിടെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
അതേസമയം ഇറാന്റെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍റെ വിവരങ്ങള്‍ ഹാക്ക് ചെയ്യതതിന്‍റെ ഉത്തരവാദിത്തം ‘ബ്ലാക്ക് റിവാര്‍ഡ്’ എന്ന് ഹാക്കിംഗ് ഗ്രൂപ്പ് ഏറ്റെടുത്തു. അടുത്തിടെ നടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ എല്ലാ തടവുകാരെയും ആളുകളെയും 24 മണിക്കൂറിനുള്ളില്‍ വിട്ടയച്ചില്ലെങ്കില്‍ ടെഹ്റാന്‍ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ തകരാറിലാക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ ഇറാന്‍ മുമ്പ് അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തിയിരുന്നു.