മെഡിറ്ററേനിയന്‍ കടല്‍വഴി യൂറോപ്പിലേക്കുള്ള കുടിയേറ്റശ്രമത്തിനിടയില്‍ 289 കുട്ടികള്‍ക്ക് ജീവന് നഷ്ടമായെന്ന് ഐക്യരാഷ്ട്ര സഭ. ഈ വര്‍ഷത്തെ മാത്രം കണക്കുകളാണ് ഇതെന്ന് യുഎന്‍ അറിയിച്ചു. 2022-ല്‍ ആദ്യ ആറുമാസത്തെ മരണസംഖ്യയുടെ ഇരട്ടിയാണിതെന്നും യുഎൻ കൂട്ടിച്ചേര്‍ത്തു.
“മധ്യ മെഡിറ്ററേനിയനിലെ പല കപ്പലപകടങ്ങളിലും ഒരാൾ പോലും രക്ഷപെടാറില്ല; ചില അപകടങ്ങൾ രേഖപ്പെടുത്താതെയും പോകുന്നു. അതിനാല്‍ യഥാർഥ കണക്കുകൾ ഇതിലും കൂടുതലാകാനാണ് സാധ്യത” – യുണിസെഫിന്റെ മൈഗ്രേഷൻ ആൻഡ് ഡിസ്പ്ലസ്മെന്റ് വിഭാഗം ആഗോളമേധാവി വെറീന ക്നാസ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ ഏകദേശം 11,600 കുട്ടികളാണ് കടല്‍ കടക്കാനായി ശ്രമിച്ചത്. ഇത് 2022-ന്റെ ആദ്യ ആറുമാസത്തേക്കാൾ ഇരട്ടിയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വർഷത്തെ ആദ്യ മൂന്നുമാസം മധ്യ മെഡിറ്ററേനിയൻ റൂട്ട് വഴി യൂറോപ്പിലെത്തിയ കുട്ടികളുടെ 71% അതായത് 3,300 പേർ തനിച്ചാണ് സഞ്ചരിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ സംഖ്യയെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണന്നും യുണിസെഫ് ചൂണ്ടിക്കാട്ടുന്നു. യാത്രാമധ്യേ പീഡനം, മനുഷ്യക്കടത്ത്, അക്രമം, ചൂഷണം, ബലാത്സംഗം എന്നിവയ്ക്കും കുഞ്ഞുങ്ങള്‍ ഇരകളാവുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമായി തുടരുന്ന ഗിനിയ, സെനഗൽ, ഗാംബിയ, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വടക്കേ ആഫ്രിക്കയിലെ ലിബിയയുടെയോ, ടുണീഷ്യയുടെയോ തീരത്തെത്താൻ നിരവധി കുട്ടികൾ മാസങ്ങളായി യാത്രചെയ്യുകയാണ്. ലിബിയയിൽ നിന്നോ, ടുണീഷ്യയിൽ നിന്നോ യൂറോപ്പിലേക്കുള്ള ബോട്ടുയാത്ര സാധാരണയായി 7,000 ഡോളർ ചെലവ് വരുന്നതാണ്.