മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപകാരികൾ രണ്ടുമാസം മുൻപ് രണ്ടു സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ പ്രകടനം നടത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സംഭവത്തെ അപലപിച്ച് സുപ്രീം കോടതിയും രംഗത്തെത്തി.
വംശീയകലാപം തുടരുന്ന മണിപ്പൂരിലെ കാങ്‌പോപി ജില്ലയിൽ മെയ് നാലിനാണ് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം വ്യാപകമായിരുന്നു. ഇതോടെയാണ് പ്രതിയുടെ അറസ്റ്റ് വേഗത്തിലായത്. മുഖ്യപ്രതിയായ ഹെറാദാസിനെ (32) വീഡിയോ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാളിൽ പോലീസ് ചുമത്തിയിരുക്കുന്നത്. കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനായി 12-ഓളം ടീമുകളെ രൂപീകരിച്ചിട്ടുള്ളതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവമിങ്ങനെ: സംഭവദിവസം 800-1000 ഓളം ആളുകൾ അത്യാധുനിക ആയുധങ്ങളുമായി മണിപ്പൂരിലെ ഒരു ഗ്രാമത്തിൽ പ്രവേശിക്കുകയായിരുന്നു. മെയ്തേയ് സംഘടനയിലെ അംഗങ്ങളാണെന്നു സംശയിക്കുന്ന ഇവർ വീടുകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ഇതേ തുടർന്ന് രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെയുള്ളവർ കാട്ടിലേക്ക് പലായനം ചെയ്തു. ഇവരെ പിന്നീട് പൊലീസ് സംഘം രക്ഷപെടുത്തുകയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ കലാപകാരികൾ ഇവരെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് കലാപകാരികൾ ഇവരെ ജനക്കൂട്ടത്തിനു മുന്നിൽ വന്നുനിൽക്കാനും അവരുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തായാണ് വിവരം. സ്ത്രീകളിലൊരാൾ കൂട്ടബലാത്സംഗത്തിന് ഇരയായി. ഇരയുടെ സഹോദരൻ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി 19 വയസ്സുകാരിയായ പെൺകുട്ടി പറഞ്ഞു. സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ മണിപ്പൂരിലെ മലയോരമേഖലകളിൽ സംഘർഷം നിലനിൽക്കുകയാണ്.
അതേസമയം, വീഡിയോയിലെ ദൃശ്യങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിക്ക് സ്വമേധയ നടപടിയെടുക്കേണ്ടിവരുമെന്നും കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി ഒരാഴ്ചയ്ക്കകം കോടതിയെ അറിയിക്കാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിയ സംഭവം 140 കോടി ഇന്ത്യക്കാരെ നാണംകെടുത്തുന്നതാണെന്നും പ്രതികളെ വെറുതെവിടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണം കൂടിയാണിത്.