നിരപരാധികളായ ഇസ്രായേൽ – പലസ്‌തീൻ ജനതകൾ കൊല്ലപ്പെടുന്നത് അപലപനീയമാണെങ്കിലും ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നുള്ള ആരോപണത്തിനെ ശക്തമായി എതിർക്കുകയാണ് ഇന്റർനാഷണൽ നെഗോസിയേഷൻ ആൻഡ് മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ് എന്ന വിഷയത്തിന്റെ അധ്യാപകനും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ റിട്ടയേഡ് പ്രൊഫസറുമായ അലോൻ ബെൻ മെയർ.
ഏതൊരു ആക്രമണത്തിലും, അത് തെറ്റാണെങ്കിലും ശരിയാണെങ്കിലും ഏതെങ്കിലും ഒരു കക്ഷിയെ വംശഹത്യ നടത്തുന്നു എന്ന് ആരോപിക്കുന്നത് തികച്ചും തെറ്റാണ്. നിലവിൽ ഇസ്രായേൽ ഇങ്ങനെയൊരു ആരോപണത്തിനു വിധേയമാണ്. എന്നിരുന്നാലും ഇസ്രായേൽ, ഗാസയിൽ നടത്തിയ അധിനിവേശത്തെ വംശഹത്യയായി ആരോപിക്കപ്പെടുന്നു. എന്നാൽ 1948-ൽ യു.എൻ ജനറൽ അസംബ്ലി (യു.എൻ.ജി.എ) അംഗീകരിച്ച വംശഹത്യയുടെ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കൺവെൻഷൻ, വംശഹത്യയെ നിർവചിക്കുന്നത് “ഏതെങ്കിലുമൊരു ദേശത്തെയോ, വർഗത്തെയോ, മതവിശ്വാസികളെയോ പൂർണ്ണമായോ, ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തികളാണ്. അതുപോലെ, (എ) ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ആളുകളെ കൊല്ലുന്നത്, (ബി) വിഭാഗത്തിലെ അംഗങ്ങൾക്ക് ഗുരുതരമായ ശാരീരികമോ, മാനസികമോ ആയ ദോഷം വരുത്തുന്നത്, (സി) പൂർണ്ണമായോ, ഭാഗികമായോ ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കുന്നതിനായി പ്രത്യേക ജീവിതസാഹചര്യങ്ങളെ ബോധപൂർവം അടിച്ചേല്പിക്കുന്നത്, (ഡി) ഏതെങ്കിലും ജനവിഭാഗത്തിൽ അടുത്ത തലമുറ ജനിക്കാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്, (ഇ) ഒരു വിഭാഗത്തിലെ കുട്ടികളെ മറ്റൊരു വിഭാഗത്തിലേക്ക് നിർബന്ധപൂർവം ചേർക്കുന്നത്.”
ഹമാസ് പ്രവർത്തകരെ പിടികൂടുന്നതിനോ, കൊല്ലുന്നതിനോ ഉള്ള ഇസ്രായേൽ സൈന്യത്തിന്റെ ശ്രമങ്ങൾക്ക് എ, ബി വകുപ്പുകൾ ബാധകമാണ്. അത് തുടരുമ്പോൾ നിരപരാധികളായ ആയിരക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ, ഇസ്രായേൽസൈന്യം കൂടുതൽ ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ, പ്രത്യേകിച്ച് യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിൽ, നിരവധി പലസ്തീനികളുടെ ജീവൻ രക്ഷിക്കപ്പെടുമായിരുന്നു. എന്നാൽ, ഖേദകരമെന്നു പറയട്ടെ, ഹമാസിന്റെ പ്രാകൃതമായ ആക്രമണം നിരവധി ഇസ്രായേലികളുടെ ജീവൻ നഷ്ടമാക്കി. പ്രാരംഭത്തിലെ ആക്രമണങ്ങൾ നിരവധി ആളുകളുടെ ജീവനും സ്വത്തുവകകളും നശിപ്പിച്ചെങ്കിലും ഇത് വംശഹത്യയെന്ന ലക്ഷ്യത്തോടെ ചെയ്യുന്നതല്ല, മറിച്ച് ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്യുകയാണ്. അല്ലാതെ സാധാരണ ജനങ്ങളെയല്ല എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
1915-1918 കാലഘട്ടത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കിഴക്കൻഭാഗത്തുനിന്ന് അർമേനിയക്കാരെ നിർബന്ധിതമായി നാടുകടത്തിയപ്പോൾ നടന്ന അർമേനിയൻ വംശഹത്യയാണ്, വംശഹത്യയ്ക്കു നൽകാവുന്ന ഒരു ഉദാഹരണം. അവർ പട്ടിണിയും കൂട്ടക്കൊലകളും നേരിട്ടു. പീഡനങ്ങളിൽനിന്ന് രക്ഷപെട്ടവരെ ആധുനിക തുർക്കിയുടെ തെക്കൻ അതിർത്തിക്കു സമീപമുള്ള സിറിയയിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയച്ചു. ഈ കാലയളവിൽ ഒരു ദശലക്ഷത്തിലധികം അർമേനിയക്കാർ മരണമടഞ്ഞു. ബാക്കിയുള്ള അർമേനിയൻ ജനത പ്രവാസികളായി താമസിക്കുന്നു. നിലവിൽ, മുപ്പതിലധികം രാജ്യങ്ങൾ അർമേനിയൻ വംശഹത്യയെ അംഗീകരിക്കുന്നു.
1933-1945 ൽ ഹോളോകോസ്റ്റിൽ ആറു ദശലക്ഷം ജൂതന്മാരും അഞ്ചു ദശലക്ഷം ജൂതന്മാർ അല്ലാത്തവരും നാസികളാൽ കൊല്ലപ്പെട്ടു. റോമ, സിന്റി, സ്വവർഗാനുരാഗികൾ, ഭരണകൂടത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ച മതനേതാക്കളും കൂടാതെ സാധാരണജനങ്ങളും ഉൾപ്പെടെയുള്ളവർ വൈകല്യങ്ങളുമായി ജീവിതം തള്ളിനീക്കി. 1940-1945 കാലഘട്ടത്തിൽ 9,60,000 ജൂതന്മാരെ വധിച്ചതിന് ഓഷ്വിറ്റ്സ് ക്യാമ്പുകൾ മാത്രമാണ് ഉത്തരവാദികൾ.
വ്യത്യസ്‌ത വംശങ്ങളിലുള്ള മറ്റു ഗ്രൂപ്പുകൾക്കെതിരായ ഈ പ്രവൃത്തികൾ വംശഹത്യകളായി വിശേഷിപ്പിക്കപ്പെട്ടു. കാരണം അവ “ഒരു ദേശീയമോ, വംശീയമോ, മതപരമോ ആയ ഗ്രൂപ്പിനെ മുഴുവനായോ, ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചതാണ്.”
പലസ്തീനികളെ ‘പൂർണ്ണമായോ, ഭാഗീകമായോ’ നശിപ്പിക്കാൻ ഇസ്രായേലിന് ഉദ്ദേശ്യമില്ല. ഹമാസ് എന്ന ഒരു ഭീകരസംഘടനയെ നശിപ്പിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം; അത് ഇപ്പോഴും തുടരുന്നു. ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ ലോകംമുഴുവനും ഒരു യഹൂദവിരുദ്ധത ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.
ഇസ്രായേൽ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുന്നില്ല. എന്നാൽ അവർ മനുഷ്യത്വവും സമാധാനപരമായ സഹവർത്തിത്വവും സ്വീകരിക്കുന്നില്ലെങ്കിൽ ഇരുവശത്തും തുടരുന്ന അക്രമാസക്തമായ സംഘർഷങ്ങളും നഷ്ടങ്ങളും പരസ്പരം ആത്മഹത്യയ്ക്കു തുല്യമായിരിക്കും.