Tuesday, November 26, 2024

മരണാനന്തര അവയവദാനത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കരുത്: ഡോ. സി.ജെ. ജോൺ

ഡോ. സി.ജെ. ജോൺ

മരണാനന്തര അവയവദാനത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കരുത് എന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. സി.ജെ. ജോൺ അഭിപ്രായപ്പെട്ടു. “ഏതെങ്കിലും ആശുപത്രിസാഹചര്യത്തിൽ ബ്രെയിൻ ഡെത്ത് സാക്ഷ്യപ്പെടുത്തിയതിൽ സ്ഥാപിത താല്പര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും കണ്ടുപിടിക്കണം. അത്തരമൊരു സംശയം കോടതിക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇല്ലെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇമ്മാതിരി പഴുതുകൾ ഇല്ലാതാക്കുംവിധത്തിൽ സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലര്‍ത്തണം.” അദ്ദേഹം ഓർമ്മപ്പെടുത്തി. ഫേസ്ബുക്കിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ചേർക്കുന്നു.

മരണാനന്തര അവയവദാനം എന്ന രീതി വേണമെന്ന കാര്യത്തിൽ വിയോജിപ്പുള്ളവർ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഈ മേഖലയിൽ തട്ടിപ്പുണ്ടെന്നു പറയുകയും അതിനായി കേസ് പറയുകയും ചെയ്യുന്ന ഡോക്ടർ ഗണപതി പോലും മരണാനന്തര അവയവദാനം ഉണ്ടാകണമെന്നേ പറയൂ എന്നാണ് വിശ്വാസം. ജീവിതത്തിലേക്ക് തിരിച്ചുവരാൻ പറ്റാത്തവിധത്തിൽ തലച്ചോർ മരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നത് കുറ്റമറ്റ രീതിയിലാകണമെന്നാണ് ആവശ്യം.  

അതിവൈകാരിത പ്രകടിപ്പിച്ച് മരണാനന്തര ജീവൻദാനത്തെക്കുറിച്ച് പൊതുവിൽ സംശയമുണ്ടാക്കരുത്. ഏതെങ്കിലും ആശുപത്രിസാഹചര്യത്തിൽ ബ്രെയിൻ ഡെത്ത് സാക്ഷ്യപ്പെടുത്തിയതിൽ സ്ഥാപിത താല്പര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും കണ്ടുപിടിക്കണം. അത്തരമൊരു സംശയം കോടതിക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇല്ലെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇമ്മാതിരി പഴുതുകൾ ഇല്ലാതാക്കുംവിധത്തിൽ സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലര്‍ത്തണം.  

മരണാനന്തര അവയവദാനങ്ങൾ ഇപ്പോൾ ചിട്ടപ്പെടുത്തുന്ന സർക്കാർ സംവിധാനമുണ്ട്. അതേ സംവിധാനം ഇതുവഴി നടന്ന എല്ലാ ശസ്ത്രക്രിയകളെയും മോണിറ്റർ ചെയ്യണം.  

ഒരു സിനിമാക്കഥ ചൂണ്ടിക്കാട്ടിയും ഒരു കേസുണ്ടായതിൽ അമർഷം കാട്ടിയും മരണാനന്തര അവയവദാനത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കരുത്. അവയവം കാത്തുകഴിയുന്ന സാധാരണക്കാർക്കു പോലും അഭയമാകുന്നത് ഈ ജീവൻദാനമാണ്. ബന്ധുവായ ഡോണർ ഇല്ലാത്തവർക്കും മറ്റ് ഡോണറെ കണ്ടെത്താൻ കഴിയാത്തവർക്കും ഇത് വലിയ ആശ്വാസമാകുന്നുണ്ട്. 

കച്ചവടലക്ഷ്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സംവിധാനത്തിനായിട്ടാണ് വാദിക്കേണ്ടത്. പ്രോട്ടോകോൾ പാലിച്ച് ബ്രെയിൻ ഡെത്ത് നിശ്ചയിക്കട്ടെ. മറ്റുള്ളവർക്ക് ജീവൻ നൽകാൻ സമ്മതമുള്ള ബന്ധുക്കൾ സർക്കാർ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവര്‍ക്ക് അത് നൽകട്ടെ. ഒട്ടേറെ അതിശയോക്തി കലരുന്ന വർത്തമാനങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. അതുകൊണ്ടു മാത്രമാണ് വസ്തുതകൾ കുറിക്കുന്നത്. ദോഷം മാത്രം കാണാൻ ശ്രമിക്കുന്നവർക്ക് തള്ളിപ്പറയാം. അവരുടെ പ്രിയപ്പെട്ടവർ അവയവം കാത്തുകിടക്കുന്ന നാൾ വരെയേ അത് ചെയ്യൂ.

ഡോ. സി.ജെ. ജോൺ

Latest News