ജമ്മു-കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻകൂടി വീരമൃത്യു വരിച്ചു. ഗുരുതരപരിക്കുകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികനാണ് മരണത്തിനു കീഴടങ്ങിയത്. ഇതോടെ ബുധനാഴ്ച ഏറ്റുമുട്ടൽ ആരംഭിച്ചതിനുശേഷമുള്ള മരണസംഖ്യ നാലായി.
അനന്ത്‌നാഗിലെ കോക്കർനാഗ് മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ വെടിവയ്പ്പിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഏറ്റുമുട്ടൽ തുടരുന്നതിടെ ഒരു ആർമി രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസർ (കേണൽ), ഒരു കമ്പനി കമാൻഡർ (മേജർ), ഒരു ജമ്മു-കാശ്മീർ പൊലീസ് ഡി.എസ്.പി എന്നിവർ കൊല്ലപ്പെട്ടിരുന്നു.
കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ്, ഡി.എസ്.പി ഹുമയൂൺ ഭട്ട് എന്നിവർ കൊല്ലപ്പെട്ട നാല് ഉദ്യോഗസ്ഥരിൽപെടുന്നു. എന്നാൽ ഇന്ന് ജീവൻ നഷ്ടപ്പെട്ട നാലാമത്തെ സൈനികൻ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണെന്നും തിരച്ചിൽ നടക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.