പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറുമെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസ്സാക്കിയ ജനന–മരണ രജിസ്‌ട്രേഷൻ നിയമഭേദഗതി നിലവിൽവരുന്നതോടെയാണ് മാറ്റം. 2023 ഒക്ടോബർ ഒന്നിനുശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്നതിനാണ് ജനനസർട്ടിഫിക്കറ്റ് രേഖയാകുന്നത്.
നിയമഭേദഗതി വരുത്തിയ ജനന–മരണ രജിസ്‌ട്രേഷൻനിയമം നിലവിൽവന്നതോടെ രാജ്യത്തെ എല്ലാ ജനന–മരണ രജിസ്‌ട്രേഷൻരേഖകളും രജിസ്‌ട്രാർ ജനറൽ ഓഫ് ഇന്ത്യ ഡാറ്റാ ശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങൾ കേന്ദ്രവുമായി പങ്കിടണമെന്ന് നിർബന്ധമാക്കുന്ന നിയമമാണ് നിലവിൽവരിക. നിലവിൽ സംസ്ഥാനങ്ങളാണ് ജനന–മരണ രജിസ്ട്രേഷൻ വിവരങ്ങൾ സൂക്ഷിക്കുന്നത്.
ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഭൂമി രജിസ്ട്രേഷൻ എന്നീ വിവരങ്ങൾ ജനന-മരണ രജിസ്ട്രേഷനുകൾ അനുസരിച്ച് പുതുക്കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്.