“നമുക്കൊരു യാത്ര പോകാം; മക്കളെയും ഒപ്പം കൂട്ടാം.” ഇപ്രകാരമൊരു ചർച്ചയുണ്ടായാൽ ‘അയ്യോ’ എന്നുപറയുന്നവരാണ് മിക്ക മാതാപിതാക്കളും. ഓരോ യാത്രകളും കുട്ടികളെ അവരുടെ കംഫോർട് സോൺ ആയ വീടിനു പുറത്തേക്കു കൊണ്ടുവരുന്നു. അതിനാൽത്തന്നെ യാത്രാസമയങ്ങളിൽ അവരുടെ വഴക്കും വാശിയുമൊക്കെ കൂടുന്നു. ഇക്കാരണങ്ങളാൽ പല യാത്രകളും തലവേദനകളായി മാറുകയോ, ഇടയ്ക്കുവച്ചു നിർത്തിപ്പോരേണ്ടിവരികയോ ചെയ്ത അനേകം ആളുകൾ നമുക്കിടയിലുണ്ട്. നമ്മുടെ യാത്രകളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നത് അല്പം പ്രയാസകരമാണെങ്കിലും അതിന് വളരെയേറെ നേട്ടങ്ങളുമുണ്ട് എന്ന് അനേകം പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അല്പം ബുദ്ധിമുട്ട് സഹിക്കാൻ തയ്യാറായാൽ കുട്ടികളുടെ വളർച്ചയിൽ അവർ നടത്തുന്ന യാത്രകൾക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. കുട്ടികളുമൊന്നിച്ചു യാത്ര പോകുന്നതുവഴി അവർക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
1. യഥാർഥ ലോകത്തെ തിരിച്ചറിയുന്നു
കുട്ടികളോടൊപ്പമുള്ള യാത്രയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, ലോകത്തെ യഥാർഥത്തിൽ കാണാൻ അത് അവരെ അനുവദിക്കുന്നു എന്നതാണ്. കുട്ടികൾക്ക് വീടുകൾ എപ്പോഴും കംഫോർട് സോൺ ആയിരിക്കും. അവർക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിനൽകുന്ന മാതാപിതാക്കളും അവർക്ക് ആവശ്യമായതെല്ലാം കിട്ടുന്ന ഇടവുമായിരിക്കും അത്. എന്നാൽ, യാത്രകൾ പലപ്പോഴും ലോകത്തെ അതിന്റെ എല്ലാ യാഥാർഥ്യങ്ങളോടുംകൂടെ തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നു. പലരെയും കാണാനും പല സാഹചര്യങ്ങൾ മനസിലാക്കാനുമുള്ള അവസരം ഓരോ യാത്രകളും നൽകുന്നു.
2. പ്രായോഗിക കഴിവുകൾ പഠിക്കുന്നു
യാത്രകളിലാണ് കുട്ടികൾ പലതും തനിയെ ചെയ്യാൻ പഠിക്കുന്നതും ഇഷ്ടപ്പെടുന്നതും. പ്രായോഗികമായ അനേകം കഴിവുകൾ നേടിയെടുക്കാൻ ഓരോ യാത്രകളും കുട്ടികളെ സഹായിക്കുന്നുണ്ട്. യാത്രയ്ക്കായി ബാഗ് തയ്യാറാക്കുന്നതുമുതൽ യാത്രയ്ക്കിടയിലെ പ്രതിസന്ധികളെ തരണം ചെയ്യുന്നതുവരെയുള്ള കാര്യങ്ങൾ കുട്ടികൾ കാണുകയും മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്നു. വീട്ടിലിരുന്നാൽ ഈവിധമുള്ള കാര്യങ്ങൾ കുട്ടികൾ പഠിക്കുകയില്ലല്ലോ. സ്വന്തമായി ചെയ്യുന്ന ഓരോ ജോലികളും അവരിലെ ആത്മവിശ്വാസവും സ്വാതന്ത്ര്യവും വളർത്തുന്നു. അപരിചിതമായ വെല്ലുവിളികൾ ഒരുമിച്ചു നേരിടുമ്പോൾ അവർ സ്വന്തം കഴിവുകളെ മാത്രമല്ല, മാതാപിതാക്കളുടെ മാർഗനിർദേശത്തെയും വിശ്വസിക്കാൻ തുടങ്ങുന്നു.
3. ഓർമ്മയിൽ സൂക്ഷിക്കാൻ അനേകം അനുഭവങ്ങൾ നൽകുന്നു
ഓരോ യാത്രകളും കുട്ടികൾക്ക് അനേകം ഓർമ്മകളും അനുഭവങ്ങളുമാണ് നൽകുന്നത്. ഒരുപക്ഷേ, അതുവരെ നാം പറഞ്ഞതും പഠിപ്പിച്ചതുമായ കാര്യങ്ങളെക്കാൾ കൂടുതൽ, ഓരോ യാത്രയിലും കണ്ട കാര്യങ്ങൾ അവർ ഓർത്തിരിക്കും. മാത്രവുമല്ല, മറ്റുള്ളവരോട് പങ്കുവയ്ക്കാൻ അനേകം അറിവുകളും ഈ യാത്രകൾ കുട്ടികൾക്കു സമ്മാനിക്കുന്നുണ്ട്.
4. നല്ലതും ചീത്തയും തിരിച്ചറിയുന്നു
മാതാപിതാക്കളോടൊപ്പം വീട്ടിലായിരിക്കുമ്പോൾ കുട്ടികൾ നല്ല സാഹചര്യത്തിലായിരിക്കും ഉണ്ടാവുക. എന്നാൽ പുറത്തേക്കിറങ്ങുമ്പോൾ മാതാപിതാക്കളുടെ സാന്നിധ്യമുണ്ടെങ്കിൽക്കൂടിയും മറ്റുപലരുമായി ഇടപെടുകയും അവരിൽനിന്ന് തെറ്റും ശരിയും പഠിക്കുകയും ചെയ്യുന്നു. ഏതൊക്കെ സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ പെരുമാറണം, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രവൃത്തികൾ എന്തൊക്കെയാണ്, നമ്മുടെ എങ്ങനെയുള്ള പ്രവൃത്തികൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും തുടങ്ങി അനേകം കാര്യങ്ങൾ മനസിലാക്കാനും ചുറ്റുമുള്ള ആളുകളുടെ സ്വഭാവം തിരിച്ചറിയാനും യാത്രകൾ കുട്ടികളെ സഹായിക്കുന്നു.
5. സമൂഹത്തിൽ ഇടപെടാൻ പഠിക്കുന്നു
യാത്രകൾ കുട്ടികൾക്കു നൽകുന്ന ഏറ്റവും നല്ല പാഠം അവരെ സമൂഹത്തിലേക്കു ലയിച്ചുചേരാൻ പഠിപ്പിക്കുന്നു എന്നതാണ്. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽനിന്നും മറ്റുള്ള ആളുകളുമായി സഹകരിക്കുന്നതിലേക്കും സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്നതിനും യാത്രകൾ സഹായിക്കുന്നു. പല യാത്രകളും സാമൂഹികമായ ഒരു അവബോധം കുട്ടികളിൽ ഉടലെടുക്കാൻ സഹായകമാകുന്നു. ഇക്കാരണത്താൽ തന്നെയാണ് സ്കൂളികളിൽനിന്നും പഠനയാത്രകളും മറ്റും നടത്തുന്നത്.
കുട്ടികളുമായുള്ള യാത്രകൾ അല്പം ബുദ്ധിമുട്ടേറിയതു തന്നെയാണ്. ഓരോ യാത്രകളും അവർക്കു നൽകുന്ന പാഠങ്ങൾ വളരെ വലുതാണുതാനും. അല്പം ബുദ്ധിമുട്ട് സഹിക്കാൻ തയ്യാറായാൽ കുട്ടികളെ കൂട്ടിയുള്ള യാത്രകളിൽ അനേകം കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ കഴിയും. നമ്മൾ പഠിപ്പിക്കുന്നതിലുപരി ഓരോ യാത്രകളിലും, കുട്ടികൾ തനിയെ ഓരോ കാര്യങ്ങളും മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്നു. അതിനാൽത്തന്നെ അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.