Monday, January 20, 2025

കോയമ്പത്തൂരില്‍ ഓടുന്ന കാറിനുള്ളില്‍ സ്ഫോടനം: ചാവേര്‍ ആക്രമണമെന്ന് സൂചന

കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വറിന് സമീപം ഓടുന്ന കാറിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഉക്കടം ജി എം നഗര്‍ സ്വദേശിയായ ജമേഷ് മുബിന്‍ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കാറിനുള്ളിലുണ്ടായിരുന്ന എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ചാവേര്‍ ആക്രമണമായിരുന്നോ ഇതെന്നും പോലീസ് സംശയിക്കുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷിനെ 2019-ല്‍ ഐ എസ് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് എന്‍.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അതേസമയം സ്ഫോടനത്തിന് ശേഷം ഇയാളുടെ ഭവനത്തില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍ തുടങ്ങി വന്‍ സ്ഫോടക ശേഖരം കണ്ടെത്തിയതായി ഡി.ജി.പി. ഡോ. സി. ശൈലേന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്‌നിഫര്‍ ഡോഗും ചെന്നൈയില്‍ നിന്നെത്തിയ പ്രത്യേക ബോംബ് സ്‌ക്വാഡും സ്ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി. ദീപാവലി ആഘോഷത്തോടടുപ്പിച്ചുണ്ടായ സ്‌ഫോടനത്തിന്‍റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് സമീപമുള്ള കടകള്‍ അടച്ചിട്ടിരിക്കുകയാണ്.

Latest News