ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പകർച്ചവ്യാധികള്‍ രൂക്ഷമാകുന്നതില്‍ ആശങ്ക അറിയിച്ച് യുനിസെഫ്. പകർച്ചവ്യാധികളിൽ കൂടുതൽ ഭീഷണിയുയർത്തുന്നത് കോളറ ആണെന്നും യുനിസെഫ് വ്യക്തമാക്കി. ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ യുനിസെഫ് പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടു.
രാജ്യത്തുടനീളം ഏകദേശം 31,342 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് യുണിസെഫ് റിപ്പോര്‍ട്ട് പറയുന്നത്. വൻതോതിലുള്ള ജനസാന്ദ്രത നിറഞ്ഞ ക്യാംപുകൾ രാജ്യത്തെമ്പാടും നിലനിൽക്കുന്നതിനാലാണ് ഇതെന്നും പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. യുനിസെഫിന്റെ കണക്കുകള്‍പ്രകാരം 230-ഓളം ആളുകള്‍ക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നോർത്ത് കിവുവിൽ മാത്രം 5 വയസ്സിനു താഴെയുള്ള 8,000-ത്തിലധികം കുട്ടികൾക്ക് കോളറ ബാധിച്ചിട്ടുണ്ടെന്നാണ് യൂണിസെഫ് പറയുന്നത്.
ഏകദേശം ഒന്നരലക്ഷം കുട്ടികൾ ഉൾപ്പെടെ മൂന്നുലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭിക്കാത്തതും ശുചീകരണത്തിന്റെ ദൗർലഭ്യവും ഏറെ ആരോഗ്യഭീഷണികൾ ഉയർത്തുന്നുണ്ട്. പോഷകാഹാരക്കുറവ്, ഗർഭകാല പരിചരണത്തിനും വാക്സിനേഷനുമുള്ള ലഭ്യതക്കുറവ് എന്നിവയുൾപ്പെടെ മറ്റ് പല ആരോഗ്യപ്രശ്നങ്ങളും കോംഗോയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളാണ്. അടുത്ത മാസങ്ങളിൽ തന്നെ അടിയന്തിരമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കോളറ ഭീഷണി രാജ്യത്തിന്റെ മറ്റുസ്ഥലങ്ങളിലേക്കും ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നല്കുന്നു.